സ്‌റ്റാറെയും വാണില്ല ; പരിശീലകനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി
തുടർത്തോൽവികൾക്കുപിന്നാലെ പരിശീലകൻ മിക്കേൽ സ്‌റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. സഹപരിശീലകരായ ബ്യോൺ വെസ്‌റ്റ്‌ട്രൂം ഫ്രെഡെറികോ പെരേര മൊറെയ്‌സ് എന്നിവരെയും ഒഴിവാക്കി. ഐഎസ്‌എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായുള്ള കനത്ത തോൽവിക്കുശേഷമായിരുന്നു ക്ലബ്ബിന്റെ തീരുമാനം. 11 സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുന്ന പത്താമത്തെ പരിശീലകനാണ് സ്‌റ്റാറേ. 2026വരെ സ്വീഡിഷുകാരന് കരാറുണ്ടായിരുന്നു.
പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ക്ലബ് വ്യക്തമാക്കി. സഹ പരിശീലകൻ മലയാളിയായ ടി ജി പുരുഷോത്തമൻ, റിസർവ് ടീം മുഖ്യ പരിശീലകൻ തോമസ് ടൂർഷ് എന്നിവർക്കായിരിക്കും ഇടക്കാല ചുമതല.
സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിന്റേത്. 12 കളിയിൽ ജയിക്കാനായത് വെറും മൂന്നെണ്ണത്തിൽമാത്രം. 11 പോയിന്റുമായി പത്താംസ്ഥാനം. ഏഴ് തോൽവി. അതിൽ നാലും സ്വന്തം തട്ടകമായ കൊച്ചിയിൽ. 24 ഗോളാണ് വഴങ്ങിയത്. ഗോൾ വഴങ്ങുന്നതിൽ ഐഎസ്‌എല്ലിലെ 13 ടീമുകളിൽ ഏറ്റവും മുന്നിൽ.
അവസാനമായി ജയിച്ചത് നവംബർ 24ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ്. ശേഷം എഫ്‌സി ഗോവ, ബംഗളൂരു എഫ്‌സി, ബഗാൻ ടീമുകളോട് തോറ്റു. അവസാന ഏഴുകളിയിൽ ആറിലും തോൽവി. ഈ സീസണിൽ ടീം തെരഞ്ഞെടുപ്പുമുതൽ ബ്ലാസ്‌റ്റേഴ്‌സിന് പാളിച്ച പറ്റി. പ്രതിരോധത്തിൽ മികച്ചൊരു വിദേശതാരത്തെ കൊണ്ടുവരാൻ ടീം മാനേജ്‌മെന്റിന് കഴിഞ്ഞില്ല. ഗോൾകീപ്പിങ് മേഖലയിൽ ശരാശരിക്കും താഴെയായിരുന്നു പ്രകടനം. വ്യക്തിഗത പിഴവുകളിലൂടെയാണ് പല മത്സരങ്ങളും കൈവിട്ടത്. സീസണിൽ ഏറ്റവും കൂടുതൽ പെനൽറ്റി വഴങ്ങിയ ടീം ബ്ലാസ്‌റ്റേഴ്‌സായിരുന്നു.
മുന്നേറ്റത്തിൽ ഹെസ്യൂസ് ഹിമിനെസ് തുടർച്ചയായി കളികളിൽ ഗോളടിക്കുന്നുണ്ടെങ്കിലും കെട്ടുറപ്പില്ലാത്ത പ്രതിരോധവും ചലനമില്ലാത്ത മധ്യനിരയും ബ്ലാസ്‌റ്റേഴ്‌സിന്റെ കളിഗതിയെ ബാധിച്ചു. കഴിഞ്ഞ മൂന്ന് സീസണിൽ ഇവാൻ വുകോമനോവിച്ചിനുകീഴിൽ തുടർച്ചയായി പ്ലേ ഓഫ് കളിക്കാൻ ടീമിന് സാധിച്ചിരുന്നു. ഈ വർഷം മേയിലാണ് വുകോയ്‌ക്ക് പകരക്കാരനായി നാൽപ്പത്തെട്ടുകാരനായ സ്‌റ്റാറേ എത്തുന്നത്. ഡ്യൂറന്റ് കപ്പിന്റെ ആദ്യഘട്ട മത്സരങ്ങളിൽ ഗോളടിച്ചുകൂട്ടി പ്രതീക്ഷ നൽകിയതാണ്. എന്നാൽ, മുന്നേറിയില്ല. ഐഎസ്‌എല്ലിൽ സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്‌സിയോട് തോറ്റായിരുന്നു തുടക്കം. ഈസ്‌റ്റ് ബംഗാളിനെ കീഴടക്കി തിരിച്ചുവന്നു. എതിർത്തട്ടകത്തിൽ രണ്ട് സമനിലയും ജയവുമായി കൊച്ചിയിൽ തിരിച്ചെത്തിയ സംഘം പിന്നെ തുടർച്ചയായ മൂന്ന് കളി തോറ്റു. ഇടയ്‌ക്കൊരു ജയം. വീണ്ടും തുടർത്തോൽവികൾ. കളിക്കാരെ മാറിമാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല.
ഇക്കുറി പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയാത്ത ഘട്ടത്തിലാണ്. ഇനിയും 12 മത്സരം സീസണിൽ ശേഷിക്കുന്നുണ്ട്. 22ന് കൊച്ചിയിൽ മുഹമ്മദൻസുമായാണ് അടുത്ത മത്സരം.
പകരം ആര്
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ ഉടനുണ്ടാകുമെന്നാണ് സൂചന. മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ പേരാണ് ആദ്യം ഉയർന്നത്. എന്നാൽ, ക്ലബ് ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. വുകോമനോവിച്ചിനെ ഇനി പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ബ്ലാസ്‌റ്റേഴ്‌സ് വിട്ടശേഷം സെർബിയക്കാരൻ മറ്റു ചുമതലകൾ ഏറ്റെടുത്തിട്ടില്ല.
മുംബൈ സിറ്റിയുടെ മുൻ പരിശീലകൻ ഡെസ് ബക്കിങ്‌ഹാം, മോഹൻ ബഗാൻ, എഫ്‌സി ഗോവ ടീമുകളുടെ പരിശീലകനായിരുന്നു യുവാൻ ഫെറാണ്ടോ എന്നിവരാണ് നിലവിൽ പട്ടികയിലുള്ളത്. ഇംഗ്ലീഷ് ലീഗ് വൺ ക്ലബ്ബായ ഓക്‌സ്‌ഫോർഡ് യുണൈറ്റഡിലായിരുന്നു ബക്കിങ്‌ഹാം. എന്നാൽ, രണ്ട് ദിവസംമുമ്പ് ക്ലബ് മുപ്പത്തൊമ്പതുകാരനെ പുറത്താക്കി.
സ്‌പാനിഷുകാരനായ ഫെറാണ്ടോ നിലവിൽ ഗ്രീക്ക് ക്ലബ് പൻസെറിയാക്കോസിലാണ്. അതേസമയം ബ്ലാസ്‌റ്റേഴ്‌സ് ടീം സ്‌പോർടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് ഈ സീസണോടെ ക്ലബ് വിടുമെന്നാണ് സൂചന.









0 comments