തോൽവി, പുറത്താക്കൽ ; ബ്ലാസ്‌റ്റേഴ്‌സ് ഒരു തുടർക്കഥ

കൊച്ചി
ഡേവിഡ് ജയിംസ് മുതൽ മിക്കേൽ സ്‌റ്റാറേ വരെ. ഐഎസ്‌എൽ പതിനൊന്നാം സീസണിലെത്തി നിൽക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിൽ വന്നുമടങ്ങിയ പരിശീലകർ പത്ത്.ഒരു കിരീടംപോലും ക്ലബ്ബിന്റെ ശേഖരത്തിലില്ല. മൂന്ന് സീസണിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ച് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തിൽ നേട്ടങ്ങൾ നൽകിയത്. കിരീടമില്ലെങ്കിലും മൂന്നുതവണ തുടർച്ചയായി പ്ലേ ഓഫിൽ എത്തിക്കാൻ സെർബിയക്കാരന് കഴിഞ്ഞു. ഡേവിഡ് ജയിംസ്, പീറ്റർ ടെയ്‌ലർ, ടെറി ഫെലാൻ, സ്‌റ്റീവ് കൊപ്പൽ, റെനെ മ്യുലെൻസ്‌റ്റീൻ, നെലൊ വിൻഗാഡ, എൽകോ ഷട്ടോരി, കിബു വികുന എന്നിവരായിരുന്നു മറ്റ് പരിശീലകർ.
ഇംഗ്ലണ്ടിന്റെ മുൻ ഗോൾ കീപ്പറായ ഡേവിഡ് ജയിംസായിരുന്നു ആദ്യപരിശീലകൻ. കന്നി സീസണിൽത്തന്നെ ക്ലബ്ബിനെ ഫൈനലിലെത്തിക്കാനായി. അടുത്ത സീസണിൽ മറ്റൊരു ഇംഗ്ലീഷുകാരൻ പീറ്റർ ടെയ്‌ലറെത്തി. സീസൺ മുഴുമിപ്പിച്ചില്ല. പിന്നാലെ ടെറി ഫെലാനെത്തിയെങ്കിലും അവസാനസ്ഥാനത്തായിരുന്നു ടീം. 2016ൽ സ്‌റ്റീവ് കൊപ്പൽ. തുടക്കത്തിൽ പതറിയെങ്കിലും കൊപ്പലിന് കീഴിൽ ടീം താളംകണ്ടെത്തി. ഫൈനൽവരെ മുന്നേറി.
കൊപ്പൽ കരാർ പുതുക്കിയില്ല. ഡച്ചുകാരൻ മ്യുലെൻസ്‌റ്റീനായിരുന്നു ചുമതല. ആദ്യ എട്ട് കളിയിൽ ഒരു ജയം മാത്രം. മ്യുലെൻസ്‌റ്റീനെയും പറഞ്ഞയച്ചു. ഡേവിഡ് ജയിംസിനെ തിരിച്ചുവിളിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും കാര്യമുണ്ടായില്ല.
പകരമെത്തിയ വിൻഗാഡയ്‌ക്ക് ആറ് കളിയിൽ മാത്രമാണ് നയിക്കാനായത്. ഷട്ടോരി നന്നായി തുടങ്ങിയെങ്കിലും പ്രധാന താരങ്ങളുടെ പരിക്ക് തിരിച്ചടിയായി. സ്‌പാനിഷുകാരൻ വികുന ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മോശം പരിശീലകനായി മാറി. 18 കളിയിൽ മൂന്ന് ജയം മാത്രം. 2021ലാണ് വുകോമനോവിച്ച് എത്തുന്നത്. ആദ്യ സീസണിൽത്തന്നെ ടീമിനെ ഫൈനലിലെത്തിച്ചു. തുടർന്ന് രണ്ട് സീസൺ. പിന്നാലെ വുകോയിലുള്ള വിശ്വാസം ടീം മാനേജ്‌മെന്റിന് നഷ്ടമായി.









0 comments