മോഹൻ ബഗാൻ 3 കേരള ബ്ലാസ്റ്റേഴ്സ് 2; തോൽവിതന്നെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 01:34 AM | 0 min read

കൊൽക്കത്ത > കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി തുടർക്കഥയാകുന്നു. മോഹൻബഗാൻ സൂപ്പർ ജയന്റിനോട്‌ 3–-2ന്‌ കീഴടങ്ങി. പരിക്കുസമയം ആൽബർട്ടോ റോഡ്രിഗസിന്റെ തകർപ്പൻ ഗോളിലാണ്‌ ബഗാൻ ജയംപിടിച്ചത്‌. ഐഎസ്‌എൽ ഫുട്‌ബോളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ മൂന്നാംതോൽവിയാണിത്‌. സീസണിലെ ഏഴാമത്തേതും. 12 കളിയിൽ 11 പോയിന്റുമായി പത്താംസ്ഥാനത്താണ്‌. ജയത്തോടെ 11 കളിയിൽ 26 പോയിന്റുമായി ഒന്നാംസ്ഥാനത്ത്‌ തുടർന്നു ബഗാൻ.
കൊൽക്കത്തയിൽ ജാമി മക്‌ലാരനിലൂടെ ബഗാനായിരുന്നു ലീഡെടുത്തത്‌. എന്നാൽ, ഇടവേളയ്‌ക്കുശേഷം ഹെസ്യൂസ്‌ ഹിമിനെസ്‌ സന്ദർശകർക്ക്‌ സമനില സമ്മാനിച്ചു. വൈകാതെ പ്രതിരോധക്കാരൻ മിലോസ്‌ ഡ്രിൻസിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നിലെത്തി.

ജയം ആഘോഷിച്ച കേരള ടീമിന്റെ പ്രതിരോധവീഴ്‌ച മുതലെടുത്ത്‌ ബഗാൻ തിരിച്ചടിച്ചു. പകരക്കാരനായെത്തി ജാസൺ കമ്മിങ്‌സ്‌ സ്‌കോർ 2–-2 ആക്കി. കളിയവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ സ്‌പാനിഷ്‌ പ്രതിരോധക്കാരനായ റോഡ്രിഗസ്‌ ജയമുറപ്പിച്ചു. ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ സംഘമായി മൈക്കൽ സ്റ്റാറെയുടെ ബ്ലാസ്‌റ്റേഴ്‌സ്‌ മാറി. 24 പ്രാവശ്യമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വല എതിരാളികൾ കുലുക്കിയത്‌. ടീമിനെ മാറിമാറി പരീക്ഷിച്ചിട്ടും പരിശീലകന്‌ വിജയഫോർമുല കണ്ടെത്താനായിട്ടില്ല. 22ന്‌ കൊച്ചിയിൽ മുഹമ്മദൻസുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും 2–-2ന്‌ പിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home