പൊരുതി, സമനില: ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ​ഗുകേഷിന് സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:33 AM | 0 min read

സിംഗപ്പുർ > ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ്‌ ലിറെനും തമ്മിലുള്ള ആറാംഗെയിം സമനിലയിൽ അവസാനിച്ചു. തുടർച്ചയായ മൂന്നാം സമനില. ആകെ നാലാമത്തേത്‌. എട്ട്‌ ഗെയിം ശേഷിക്കെ ഇരുവർക്കും മൂന്നുവീതം പോയിന്റായി. ഇന്ന്‌ വിശ്രമദിനമാണ്‌. ഏഴാം ഗെയിം നാളെ. ആദ്യം 7.5 പോയിന്റ്‌ നേടുന്ന കളിക്കാരനാണ്‌ ചാമ്പ്യനാകുക.
ആദ്യ ഗെയിമിൽ ലിറെനും മൂന്നാം ഗെയിമിൽ ഗുകേഷും ജയം സ്വന്തമാക്കിയിരുന്നു.

ആറാം ഗെയിമിൽ നാൽപ്പത്താറാം നീക്കത്തിലാണ്‌ സമനില. വെള്ളക്കരുക്കളുമായി ഇറങ്ങിയ ഡിങ്ങിനായിരുന്നു ഒരുഘട്ടത്തിൽ മുൻതൂക്കം. കഴിഞ്ഞ ഗെയിമുകളെ അപേക്ഷിച്ച്‌ ചൈനീസ്‌ താരം ആദ്യനീക്കങ്ങൾ വേഗത്തിലാക്കി. ആദ്യ 20 നീക്കത്തിന്‌ എടുത്തത്‌ ഏഴ്‌ മിനിറ്റിൽത്താഴെ സമയംമാത്രം. ചാമ്പ്യൻഷിപ്പിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ മുപ്പത്തിരണ്ടുകാരൻ പ്രതിരോധക്കരുത്തുള്ള ലണ്ടൻ പ്രാരംഭമുറയാണ്‌ അവലംബിച്ചത്‌. മുമ്പ്‌ പലവട്ടം വിജയിച്ച രീതിയിൽ മുന്നേറാമെന്നായിരുന്നു നിഗമനം.

ഗുകേഷ്‌ മത്സരത്തിന്റെ ആദ്യഘട്ടത്തിൽ 50 മിനിറ്റിൽ കൂടുതൽ സമയമെടുത്തു. 45–-ാം മിനിറ്റിൽ ഡിങ് മത്സരത്തിലാദ്യമായി മുൻതൂക്കം നേടി. തുടർന്ന്‌ കളത്തിൽ കൂടുതൽ സമയം ചെലവഴിച്ച ചൈനീസ്‌ ഗ്രാൻഡ്‌മാസ്‌റ്റർ നീക്കങ്ങൾ ആവർത്തിച്ചു. ഇതിനിടെ, കളിയുടെ ആദ്യഘട്ടത്തിൽ സമനിലയിൽ പിരിയാനുള്ള നീക്കം ഗുകേഷ്‌ നിരാകരിച്ചു. കൂടുതൽ പോരാട്ടവീര്യത്തോടെയാണ്‌ പതിനെട്ടുകാരൻ കരുക്കൾ നീക്കിയത്‌. എന്നാൽ, ഒരേ പൊസിഷൻ മൂന്നാം തവണയും ആവർത്തിച്ചതോടെ ഇരുവരും പോയിന്റ്‌ പങ്കിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home