മനുഷ്യജീവിതങ്ങൾ ആവിഷ്കരിക്കുക എന്നത് സമരമാർഗ്ഗമായി മാറിയിരിക്കുന്നു: അശോകൻ ചരുവിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 05:06 PM | 0 min read

അബുദാബി > മനുഷ്യ ജീവിതങ്ങൾ ആവിഷ്കരിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സമരമാർഗ്ഗമായി മാറിയിരിക്കുന്നുവെന്ന് പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യൽ സെന്ററും യുഎഇ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ അനുഭവങ്ങൾ നിരാകരിക്കുക എന്ന തന്ത്രമാണ് ലോകത്തിലെ സാമ്പത്തിക മേധാവികൾ സാമാന്യ മനുഷ്യർക്ക് നേരെ എടുത്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ തന്ത്രം. അവനെ സ്വന്തം അനുഭവങ്ങളിൽ നിന്നും അടർത്തിമാറ്റി ഏതോ ഒരു മിഥ്യാലോകത്തിലേക്ക് കൊണ്ടുപോയി അവരുടെ ഉപകരണമാക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ എഴുത്തുകൾ കൊണ്ടും സാംസ്കാരിക പ്രവർത്തനങ്ങൾ കൊണ്ടും മാത്രമേ സാധ്യമാകൂ.

ഇന്നത്തെ കാലഘട്ടത്തിൽ എഴുത്തുകാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനിൽ നിന്നും ഭാഷയെ നിർമ്മിക്കാൻ കഴിയുന്ന വിധത്തിൽ അവന്റെ അനുഭവങ്ങളെ സ്വാംശീകരിക്കുക എന്നതാണ് അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രവാസ ലോകത്തിരുന്നുകൊണ്ട് കേരളത്തെ നോക്കിക്കാണുമ്പോഴുണ്ടാകുന്ന ഗൃഹാതുരമായ സൗന്ദര്യം ഒരു കാലഘട്ടത്തിൽ മലയാള സാഹിത്യത്തിന്റെ ഗംഭീരമായ ഒരു ചൈതന്യമായി പരിഗണിച്ചിരുന്നു. അത്തരം രചനകളായിരുന്നു എം. മുകുന്ദന്റെയും ഓ.വി. വിജയന്റെയും കാക്കനാടന്റെയും എംപി നാരായണപ്പിള്ളയുടേയുമെല്ലാം രചനകൾ. അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസ സാഹിത്യം എന്ന രീതിയിൽ കാണേണ്ട ആവശ്യമില്ലാത്ത രീതിയിൽ ഒരു ആഗോളസ്വഭാവം പ്രവാസ സാഹിത്യത്തിന് കൈവരിക്കാൻ പുതിയ കാലത്ത് കഴിഞ്ഞിട്ടുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.
ലോകങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് പ്രവാസ സാഹിത്യം എന്നതിന്റെ രൂപഭാവങ്ങളിൽ ആദ്യകാലത്തേതിൽ നിന്നും വളരെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു,

നാട്ടിൽ നടക്കുന്നതിനേക്കാൾ സജീവമായ സാഹിത്യ ചർച്ചയും സാംസ്കാരിക പ്രവർത്തനങ്ങളും സാമൂഹ്യമായ ഇടപെടലുകളും നടക്കുന്നത് പ്രവാസലോകത്താണ് എന്നത് ഏറെ ആഹ്ലാദം പകരുന്ന ഒന്നാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോവൽ, കഥ, കവിത, റേഡിയൊ, മൈഗ്രേഷൻ ആന്റ് മോഡേനിറ്റി എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകൾ നടന്നു.
അശോകൻ ചരുവിൽ,  റഫീഖ് അഹമ്മദ്, സ്മിത നെരവത്ത്, കെ.പി.കെ വെങ്ങര, സർജു ചാത്തന്നൂർ, കുഴൂർ വിത്സൻ, കമറുദ്ദീൻ ആമയം, പി ശിവപ്രസാദ് എന്നിവർ 'ഒരു നോവൽ എങ്ങിനെ തുടങ്ങുന്നു'

'മലയാളകവിതയുടെ ഭൂമിക' 'ചെറുകഥ പ്രമേയത്തിലേക്കുള്ള വേറിട്ട വഴികൾ' 'ശബ്ദം സഞ്ചരിച്ച ദൂരങ്ങൾ' എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു. നാല് വിഭാഗമായി നടന്ന ശില്പശാലയിൽ ഇ കെ ദിനേശൻ, ഇന്ത്യാ സോഷ്യൽ സെന്റർ  സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്ററായി. പ്രിയ ശിവദാസ്, റഷീദ് പാലക്കൽ, മൊഹമ്മദാലി, രമേശ് പെരിമ്പിലാവ്, അസി, ഹമീദ് ചങ്ങരംകുളം, അനന്ത ലക്ഷ്മി, എം സി നവാസ്, എന്നിവർ വിവിധ എഴുത്തുകാരുടെ  നോവലും, കഥയും, കവിതയും ഹ്രസ്വമായി അവതരിപ്പിച്ചു. ശില്പശാലയിൽ കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ  നന്ദിയും പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home