ഇന്ത്യൻ സ്കൂളിന് പിഴയിട്ട്‌ കോടതി: രക്ഷിതാക്കൾ ബോർഡ് ചെയർമാന് നിവേദനം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 05:09 PM | 0 min read

മസ്കറ്റ്> ഇന്ത്യൻ സ്കൂൾ ബോർഡിന്  ഒമാൻ കോടതി 20 കോടി രൂപയുടെ പിഴ വിധിച്ച സംഭവത്തിൽ ആശങ്കയുമായി രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. കരാർ ലംഘനത്തിന് ബോർഡിനെതിരെ ഭൂവുടമ  നൽകിയ ഹർജിയിലാണ് ഇന്ത്യൻ സ്കൂൾ ബോർഡിന് കോടതി പിഴ വിധിച്ചത്.

ഒമാനിലെ ബർക്ക മേഖലയിലുള്ള രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് മുൻ സ്കൂൾ ഡയറക്ടർ ബോർഡ് ബർക്കയിൽ ഇന്ത്യൻ സ്കൂൾ തുടങ്ങാൻ തീരുമാനം എടുക്കുകയും നിർമാണ ചുമതലയ്ക്ക് ഭൂവുടമയുമായി കരാർ ഒപ്പിടുകയും ചെയ്തത്. എന്നാൽ പിന്നീട് വന്ന ഡയറക്ടർ ബോർഡ് കരാറിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഭൂവുടമ ബോർഡിനെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വാദത്തിനൊടുവിൽ ഏകദേശം 20 കോടിയോളം  രൂപ ഇന്ത്യൻ സ്കൂൾ ഭൂവുടമയ്ക്കു നൽകണമെന്ന് ഒമാൻ മേൽകോടതി വിധിക്കുകയായിരുന്നു.

കരാർ പ്രകാരം ബർക്കയിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ശേഷം എന്തുകൊണ്ടാണ് ബോർഡ് സ്കൂളിന്റെ പ്രവർത്തനം തുടരാതിരുന്നതെന്നും, കരാറിൽ നിന്ന് പിന്മാറിയതെന്നും വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

വിദ്യാർഥികൾ നൽകുന്ന ഫീസ് മാത്രം വരുമാന മാർഗമുള്ള സ്കൂൾ എങ്ങനെയാണ് ഇത്രയും വലിയ തുക കണ്ടെത്തുന്നത്  എന്ന ചോദ്യം രക്ഷിതാക്കൾ ഉന്നയിച്ചു. ഭീമമായ ഈ ബാധ്യത വിദ്യാർത്ഥികളുടെ ഫീസ് വർധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും രക്ഷിതാക്കളിൽ നിലനിൽക്കുന്നുണ്ട്. കീഴ്കോടതിയിലും മേൽക്കോടതിയിലും കേസ് കൈകാര്യം ചെയ്തതിൽ ഇപ്പോഴത്തെ സ്കൂൾ ബോർഡിൻറെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

ഒമാനിൽ നിലനിൽക്കുന്ന കമ്മ്യൂണിറ്റി  ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെയോ, രക്ഷിതാക്കളെയോ ബാധിക്കാത്ത തരത്തിൽ വിഷയം പരിഹരിക്കണമെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ചെയർമാനോട് ആവശ്യപ്പെട്ടുതായി നിവേദക സംഘത്തിലുണ്ടായിരുന്ന അനു ചന്ദ്രൻ, റിയാസ് അമ്പലവൻ, ബിജോയ്, വരുൺ ഹരിപ്രസാദ്, സുജിന മനോജ്, ശ്രീകുമാർ, ജാൻസ് അലക്സ്, സുരേഷ് കുമാർ, സന്തോഷ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home