സന്തോഷ് ട്രോഫി ഒരുക്കം തൃക്കരിപ്പൂരിൽ , യോഗ്യതാ റൗണ്ട് കളിച്ച 22 അംഗ ടീം തുടരും

കൊച്ചി
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ എട്ടാംകിരീടം തേടിയുള്ള കേരളത്തിന്റെ ഒരുക്കം കാസർകോട് ജില്ലയിൽ. ഫൈനൽ റൗണ്ടിനായുള്ള പരിശീലന ക്യാമ്പ് നാളെ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക് സ്‌റ്റേഡിയത്തിൽ ആരംഭിക്കും. 22 അംഗ ടീം ഇന്ന് വൈകിട്ട് റിപ്പോർട്ട് ചെയ്യും.
കോഴിക്കോട്ട് നടന്ന യോഗ്യതാ റൗണ്ടിൽ മിന്നുംപ്രകടനം നടത്തിയാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എച്ചിൽ മൂന്നു കളിയും ജയിച്ചു. റെയിൽവേസ്, ലക്ഷദ്വീപ്, പുതുച്ചേരി ടീമുകളെയാണ് വീഴ്‌ത്തിയത്. ആകെ 18 ഗോളടിച്ചപ്പോൾ ഒന്നും വഴങ്ങിയില്ല. ഡിസംബർ 14ന് ഹൈദരാബാദിലാണ് ഫൈനൽ റൗണ്ടിന് തുടക്കമാകുന്നത്. കേരളത്തിന് 15നാണ് ആദ്യമത്സരം. നിലവിലെ റണ്ണറപ്പുകളായ ഗോവ, തമിഴ്‌നാട്, മേഘാലയ, ഒഡിഷ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് മുൻ ചാമ്പ്യൻമാർ. ആറു ടീമുകളാണ് ഒരു ഗ്രൂപ്പിൽ. കേരളത്തിന്റെ ഗ്രൂപ്പിൽ ഒരു ടീംകൂടി യോഗ്യത കളിച്ചെത്താനുണ്ട്.
യോഗ്യതാ റൗണ്ട് കളിച്ച അതേസംഘവുമായാണ് കേരളത്തിന്റെ തയ്യാറെടുപ്പ്. ടീമിൽ മാറ്റങ്ങൾ വരില്ല. താരങ്ങൾക്ക് പരിക്കേറ്റാൽമാത്രമേ പകരക്കാരെ ആലോചിക്കൂ. ജി സഞ്‌ജുവാണ് ടീം ക്യാപ്‌റ്റൻ. ബിബി തോമസ് പരിശീലകനും. ഇതാദ്യമായാണ് കേരള ടീമിന്റെ ക്യാമ്പിന് കാസർകോട് ജില്ല വേദിയാകുന്നത്. തൃക്കരിപ്പൂർ സ്‌റ്റേഡിയത്തിൽ ദിവസം രണ്ടുനേരമാകും പരിശീലനം. താമസം ചെറുവത്തൂരിലാണ്. ‘മികച്ച സൗകര്യങ്ങൾ കേരള ടീമിന് നൽകും. കാസർകോട് ജില്ലയ്‌ക്ക് ഇത് അഭിമാന നിമിഷമാണ്. ആദ്യമായാണ് ഇവിടെ സംസ്ഥാന ടീം എത്തുന്നത്’–- ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റഫീഖ് പറഞ്ഞു.
ഡിസംബർ അഞ്ചിനായിരുന്നു ഫൈനൽ റൗണ്ട് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീടത് 14ലേക്ക് മാറ്റുകയായിരുന്നു. ഫൈനൽ 30നാകുമെന്നാണ് സൂചന. ദിവസം മൂന്നു കളിയുണ്ടാകും. ഹെെദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലും ഡെക്കാൺ അരീനയിലുമായാണ് മത്സരങ്ങൾ.









0 comments