പണപ്പെട്ടിയിൽ ഇന്ത്യൻ പേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 10:36 PM | 0 min read


ജിദ്ദ
ഐപിഎൽ ക്രിക്കറ്റ്‌ താരലേലത്തിന്റെ രണ്ടാംദിനം തിളങ്ങിയത്‌ ഇന്ത്യൻ പേസർമാർ. ഭുവനേശ്വർ കുമാറിനായിരുന്നു കൂടുതൽ നേട്ടം. 10.75 കോടി രൂപയ്‌ക്കാണ്‌ മുൻ ഇന്ത്യൻ താരത്തെ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു കൂടാരത്തിലെത്തിച്ചത്‌. മലയാളിതാരങ്ങളിൽ സച്ചിൻ ബേബിയെ 30 ലക്ഷത്തിന്‌ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ സ്വന്തമാക്കി. ആദ്യദിനം വിഷ്‌ണു വിനോദ്‌ പഞ്ചാബ്‌ കിങ്‌സിന്റെ ഭാഗമായിരുന്നു. ദേവ്‌ദത്ത്‌ പടിക്കലിനെ രണ്ട്‌ കോടിക്ക്‌ ബംഗളൂരു നേടി.

ഭുവനേശ്വറിനൊപ്പം മറ്റു ഇന്ത്യൻ പേസർമാർക്കും വൻതുക കിട്ടി. ദീപക്‌ ചഹാറിനെ (9.25) മുംബൈ ഇന്ത്യൻസും മുകേഷ്‌ കുമാറിനെ (8) ഡൽഹി ക്യാപിറ്റൽസും ആകാശ്‌ ദീപിനെ (8) ലഖ്‌നൗ സൂപ്പർ ജയന്റ്‌സും സ്വന്തമാക്കി. തുഷാർ ദേശ്‌പാണ്ഡെ 6.50 കോടിക്ക്‌ രാജസ്ഥാൻ റോയൽസിലെത്തി. വിദേശതാരങ്ങളിൽ മാർകോ ജാൻസണെ ഏഴ്‌ കോടിക്ക്‌ പഞ്ചാബ്‌ കിങ്‌സ്‌ നേടി.

സ്‌പിൻ ഓൾറൗണ്ടർമാർക്കും മത്സരമുണ്ടായി. ക്രുണാൾ പാണ്ഡ്യയെ 5.75 കോടിക്ക്‌ ബംഗളൂരു കൂടാരത്തിലെത്തിച്ചപ്പോൾ നിതീഷ്‌ റാണയെ (4.20) രാജസ്ഥാൻ നേടി.
രണ്ടാംദിനവും പ്രധാന താരങ്ങളിൽ പലരെയും ടീമുകൾ പരിഗണിച്ചില്ല. ശാർദുൽ ഠാക്കൂർ, പൃഥ്വി ഷാ, കെയ്‌ൻ വില്യംസൺ എന്നിവരെ ആരും വാങ്ങിയില്ല. ഡേവിഡ്‌ വാർണർക്കും ജോണി ബെയ്‌ർസ്‌റ്റോയ്‌ക്കും രണ്ടാംദിനവും ആവശ്യക്കാരുണ്ടായില്ല. അജിൻക്യ രഹാനെയെ ഒന്നര കോടിക്ക്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഒപ്പമെത്തിച്ചു.

മലയാളിതാരങ്ങളായ അബ്‌ദുൾ ബാസിത്‌, സൽമാൻ നിസാർ, സന്ദീപ്‌ വാര്യർ എന്നിവർ ലേലത്തിൽ വിറ്റുപോയില്ല.
യുവതാരം പ്രിയാൻഷ്‌ ആര്യയെ പഞ്ചാബ്‌ 3.8 കോടി രൂപയ്‌ക്കാണ്‌ സ്വന്തമാക്കിയത്‌. ഡൽഹി പ്രീമിയർ ലീഗിൽ ആറ്‌ പന്തിൽ ആറ്‌ സിക്‌സർ പറത്തിയ പ്രിയാൻഷ്‌, മുഷ്‌താഖ്‌ അലി ട്രോഫിയിൽ 43 പന്തിൽ 102 റണ്ണടിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home