വെസ്‌താപ്പൻ വേഗരാജാവ്‌; ഡ്രൈവറുടേത്‌ നാലാം ലോക ചാമ്പ്യൻഷിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 04:01 PM | 0 min read

ലാസ്‌ വോഗാസ്‌ > 2024 ഫോർമുല വൺ ലോകചാമ്പ്യനായി റെഡ്‌ ബുൾ ഡ്രൈവർ മാക്‌സ്‌ വെസ്‌താപ്പൻ. റെഡ്‌ ബുൾ ഡ്രൈവറായ വെസ്‌താപ്പന്റെ തുടർച്ചയായ നാലാം കിരീടമാണിത്‌. 2021ൽ തന്റെ ആദ്യ ചാമ്പ്യൻഷിപ്പ്‌ നേടിയ വെസ്‌താപ്പന്‌ പിന്നീട്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല. ലാസ്‌ വേഗാസ്‌ ഗ്രാൻ പ്രീയിൽ അഞ്ചാമാത്‌ ഫിനിഷ്‌ ചെയ്തതോടെയാണ്‌ വെസ്‌താപ്പൻ 2024ലെ കിരീടമുറപ്പിച്ചത്‌.

ഖത്തർ, അബുദാബി ഗ്രാൻപ്രീകൾ ബാക്കി നിൽക്കെയാണ്‌ വെസ്‌താപ്പന്റെ കിരീടനേട്ടം. കഴിഞ്ഞ രണ്ട്‌ സീസണുകളിലെ പോലെ അത്ര എളുപ്പമായിരുന്നില്ല വെസ്‌താപ്പന്‌ ഇത്തവണത്തെ ചാമ്പ്യൻഷിപ്പ്‌. സീസൺ പകുതി ആയതോടെ മക്‌ലാറന്റെ ലാൻഡോ നോറിസ്, ഫെരാരിയുടെ ചാൾസ്‌ ലെക്‌റക്‌ എന്നിവരിൽ നിന്ന്‌ റെഡ്‌ബുൾ ഡ്രൈവർക്ക്‌ വെല്ലുവിളി നേരിട്ടിരുന്നു. സീസണിന്റെ തുടക്കത്തിൽ നേടിയ വിജയങ്ങളാണ്‌ വെസ്‌താപ്പനെ നാലാം ഫോർമുല വണ്ണിലേക്ക്‌ നയിച്ചത്‌. സാവോ പോളോയിൽ നേടിയ വിജയവും നിർണായകമായി. സീസണിൽ ഇതുവരെ എട്ട്‌ ഗ്രാൻപ്രീകളും 13 പോഡിയം ഫിനിഷുമായി 403 പോയിന്റാണ്‌ ഡച്ച്‌ ഡ്രൈവറുടെ സമ്പാദ്യം.

വ്യക്തിഗത വിഭാഗത്തിൽ വെസ്‌താപ്പൻ ലോകചാമ്പ്യനായെങ്കിലും കൺസ്‌ട്രക്‌ടർമാരിലെ ജേതാക്കളെ ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. അഞ്ച്‌ വിജയവും 19 പോഡിയം ഫിനിഷുമായി  608 പോയിന്റുള്ള മക്‌ലാറൻ ആണ്‌ കൺസ്‌ട്രക്‌ടർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്‌. തൊട്ടുപിന്നാലെ 584 പോയിന്റുമായി ഫെരാരിയും. കൺസ്‌ട്രക്‌ടർമാരിലെ വിജയികൾക്കായി അവസാന ഗ്രാൻ പ്രീ ആയ അബുദാബി വരെ കാത്തിരിക്കേണ്ടി വരും. ഡ്രൈവർമാരിൽ ലാൻഡോ നോറിസ്‌(340), ചാൾസ്‌ ലെക്‌റക്‌ (30) എന്നിവർ തന്നെയാണ്‌ വെസ്‌താപ്പന്‌ പിന്നിലായുള്ളത്‌.

ലാസ്‌ വേഗാസ്‌ ഗ്രാൻപ്രീയിൽ മാക്‌സ്‌ വെസ്‌താപ്പൻ അഞ്ചാമത്‌ ഫിനിഷ്‌ ചെയ്തപ്പോൾ മേഴ്‌സിഡസിന്റെ ജോർജ്‌ റസൽ ഒന്നാമതെത്തി. മെഴ്‌സിഡസിന്റെ തന്നെ മുൻ ലോക ചാമ്പ്യൻ കൂടിയായ ലൂയിസ്‌ ഹാമിൽട്ടണാണ്‌ മൂന്നാമത്‌. ഫെറാരിയുടെ ഡ്രൈവർമാരായ കാർലോസ്‌ സെയ്‌ൻസ്‌, ചാൾസ്‌ ലെക്‌റക്‌ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ്‌ ചെയ്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home