‘പത്താ’യം നിറഞ്ഞു ; ലക്ഷദ്വീപിലേക്ക്‌ കേരളത്തിന്റെ ഗോളടിമാർച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 10:42 PM | 0 min read




കോഴിക്കോട്‌
ലക്ഷദ്വീപിലേക്ക്‌ കേരളത്തിന്റെ ഗോളടിമാർച്ച്‌. പത്ത്‌ ഗോളിന്റെ മഹാജയത്തോടെ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ഫൈനൽ റൗണ്ടിലേക്ക്‌ അടുത്തു. പകരക്കാരനായെത്തിയ ഇ സജീഷ്‌ ഹാട്രിക്‌ സ്വന്തമാക്കി. മുഹമ്മദ്‌ അജ്‌സലും ഗനി അഹമ്മദ്‌ നിഗവും ഇരട്ടഗോൾ നേടി. നസീബ്‌ റഹ്‌മാൻ, വി അർജുൻ, മുഹമ്മദ്‌ മുഷറഫ്‌ എന്നിവരും ലക്ഷ്യംകണ്ടു. തുടർച്ചയായ രണ്ടാംതോൽവിയോടെ ലക്ഷദ്വീപ്‌ പുറത്തായി. നാളെ പുതുച്ചേരിയുമായാണ്‌ കേരളത്തിന്റെ അവസാനമത്സരം.
ഗോളടിക്കുന്നില്ലെന്ന പരാതി മാറ്റുന്നതായിരുന്നു കേരളത്തിന്റെ പ്രകടനം. ഒരു നിമിഷംപോലും വിശ്രമമുണ്ടായിരുന്നില്ല. തുടക്കത്തിലേ നയം വ്യക്തമാക്കി മുന്നേറി. റെയിൽവേസിനെതിരെ കണ്ട തണുപ്പൻ കളിയായിരുന്നില്ല. ഇരുവശങ്ങളിലും മധ്യനിര കേന്ദ്രീകരിച്ചും പന്തൊഴുകി. ദ്വീപ്‌ പ്രതിരോധത്തിന്‌ തടുക്കാനോ വീഴ്‌ത്താനോ സാധിക്കാത്ത ഒന്നാന്തരം പ്രകടനം. പ്രതിരോധത്തെയും മധ്യനിരയെയും മുന്നേറ്റക്കാരെയും ഒരുപോലെ കോർത്തിണക്കിയുള്ള പരിശീലകന്റെ പദ്ധതി വിജയിച്ചു.
മൂന്നു മാറ്റങ്ങൾ വരുത്തിയാണ്‌ കോച്ച്‌ ബിബി തോമസ്‌ കേരളത്തെ കളത്തിലെത്തിച്ചത്‌. മധ്യനിരയിൽ നസീബ്‌ റഹ്‌മാനും മുഹമ്മദ്‌ അർഷാഫും ഇടംപിടിച്ചു.

മുന്നേറ്റത്തിൽ അജ്‌സൽ അണിനിരന്നു. റെയിൽവേസിനെതിരെ പകരക്കാരനായെത്തി വിജയഗോൾ നേടിയത്‌ ഈ കോഴിക്കോടുകാരനായിരുന്നു. ആറാംമിനിറ്റിൽ അജ്‌സലിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യഗോൾ. വരാനിരിക്കുന്ന ഗോൾമഴയുടെ മുന്നറിയിപ്പായിരുന്നു അത്‌. നസീബിന്റെ രണ്ടാംഗോളിന്‌ വഴിയൊരുക്കിയതും അജ്‌സലാണ്‌. പിന്നാലെ ഡബിൾ പൂർത്തിയാക്കി. സജീഷും വലകണ്ടതോടെ ആദ്യപകുതി കേരളം നാല്‌ ഗോളിന്റെ ലീഡിൽ പിരിഞ്ഞു.
ഇടവേളയ്‌ക്കുശേഷം 14–-ാം സെക്കൻഡിൽത്തന്നെ അടുത്ത വെടി പൊട്ടിച്ചു. പകരക്കാരനായെത്തിയ അർജുന്റെ ലോങ്‌റേഞ്ച്‌ ദ്വീപുകാരുടെ ഹൃദയം നുറുക്കി. പിന്നീട്‌ കേരള മുന്നേറ്റക്കാർക്ക്‌ വിശ്രമമുണ്ടായില്ല. പലവഴിക്കും ഗോൾവന്നു. ഗനി ഇരട്ടഗോളുമായി കരുത്തുകാട്ടി. കളിയവസാനം ടീമിന്റെ പത്താംഗോളോടെ സജീഷ്‌ ഹാട്രിക്‌ തികച്ചു. ഈ കേരള പൊലീസ്‌ മുന്നേറ്റക്കാരൻ പാലക്കാട്‌ സ്വദേശിയാണ്‌.

ഫൈനൽ റൗണ്ട്‌ 
അരികെ
ഫൈനൽ റൗണ്ട്‌ ഉറപ്പിക്കാൻ കേരളത്തിന്‌ നാളെ പുതുച്ചേരിയെ സമനിലയിൽ പിടിച്ചാൽ മതി. രണ്ടു കളിയും ജയിച്ച്‌ ആറ്‌ പോയിന്റുമായി ഗ്രൂപ്പ്‌ എച്ചിൽ ഒന്നാമതാണ്‌ കേരളം. മൂന്ന്‌ പോയിന്റുള്ള റെയിൽവേസ്‌ രണ്ടാമതും. പുതുച്ചേരി (3) മൂന്നാംസ്ഥാനത്താണ്‌. ലക്ഷദ്വീപ്‌ നാലാമത്‌. പുതുച്ചേരിയോട്‌ ജയിച്ചാൽ കേരളത്തിന്‌ ഒമ്പത്‌ പോയിന്റാകും, സമനിലയായാൽ ഏഴും. തോറ്റാൽ റെയിൽവേസിന്റെ ലക്ഷദ്വീപുമായുള്ള ഫലത്തെ ആശ്രയിച്ചിരിക്കും.

പത്തടിച്ച്‌ റെയിൽവേസും
കേരളത്തിനോട്‌ തോറ്റതിന്റെ ക്ഷീണംതീർത്ത്‌ റെയിൽവേസ്‌. പുതുച്ചേരിയെ 10–-1ന്‌ മുക്കി. സൂഫിയാൻ ഷെയ്‌ഖ്‌ ഹാട്രിക്കുമായി നയിച്ചു. ഫർദിൻ അലി മൊള്ളയ്‌ക്ക്‌ ഇരട്ടഗോളുണ്ട്‌. മലയാളിതാരങ്ങളായ മുഹമ്മദ്‌ ആഷിഖിനും ജോൺ പോൾ ജോസിനും ഓരോ ഗോളുണ്ട്‌. ജോൺസൺ മാത്യൂസും സുബ്രത മുർമുവും പട്ടികയിൽ പേര്‌ ചേർത്തു. മറ്റൊന്ന്‌ സി ദേവേന്ദ്രയുടെ പിഴവിൽനിന്നായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home