ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:19 PM | 0 min read


സെഞ്ചുറിയൻ
ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും വീണ്ടും മുഖാമുഖം. നാലു മത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നിർണായകമായ മൂന്നാംകളി ഇന്ന്‌ അരങ്ങേറും. സെഞ്ചുറിയനിൽ രാത്രി എട്ടരയ്‌ക്കാണ്‌ പോരാട്ടം. 1–1ന്‌ തുല്യമാണ്‌ നിലവിൽ പരമ്പര. ആദ്യകളി ഇന്ത്യ ജയിച്ചപ്പോൾ രണ്ടാമത്തേത്‌ ആതിഥേയർ പിടിച്ചു.

അവസാനകളിയിൽ ബാറ്റർമാർക്ക്‌ താളം കണ്ടെത്താനാകാത്തതാണ്‌ ഇന്ത്യക്ക്‌ വിനയായത്‌. ആദ്യ ട്വന്റി20യിൽ സെഞ്ചുറി നേടിയ മലയാളിതാരം സഞ്‌ജു സാംസൺ റണ്ണെടുക്കാതെ മടങ്ങി. പ്രധാന ബാറ്റർമാരിൽ ആർക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കൻ പേസ്‌നിരയ്‌ക്കുമുന്നിൽ പകച്ചു. സെഞ്ചുറിയനിലും പേസ്‌ അനുകൂല പിച്ചാണ്‌. ബൗൺസുണ്ടാകും. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും.

ദക്ഷിണാഫ്രിക്കയും അത്ര ആത്മവിശ്വാസത്തിലല്ല. അവസാനമത്സരത്തിൽ ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കിയെങ്കിലും മുൻനിര ബാറ്റർമാർക്ക്‌ മികവിലേക്ക്‌ ഉയരാനായിട്ടില്ല. ടീമിൽ മാറ്റങ്ങളുണ്ടാകാനിടയുണ്ട്.

മുഹമ്മദ് ഷമി 
തിരിച്ചുവരുന്നു
പരിക്കുമാറി ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമി ക്രിക്കറ്റ്‌ കളത്തിലേക്ക്‌ തിരിച്ചെത്തുന്നു. രഞ്‌ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരായി ഇന്ന്‌ നടക്കുന്ന കളിയിൽ ബംഗാളുകാരൻ ഇറങ്ങും. ഇൻഡോറിലാണ്‌ മത്സരം. കഴിഞ്ഞവർഷം നടന്ന ഏകദിന ലോകകപ്പ്‌ ഫൈനലിലാണ്‌ മുപ്പത്തിനാലുകാരൻ അവസാനമായി കളിച്ചത്‌. ഏഴു കളിയിൽ 24 വിക്കറ്റെടുത്ത്‌ തകർപ്പൻ പ്രകടനം നടത്തി. പിന്നാലെ പരിക്കേറ്റ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായി.



deshabhimani section

Related News

View More
0 comments
Sort by

Home