ഷാര്‍ജ പുസ്തകോത്സവം: ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാള്‍ ഡോ. പി കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 10:49 PM | 0 min read

ഷാര്‍ജ > ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് പവലിയന്‍ ഡോ. പി കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളുടെ വൈവിധ്യം ചിന്തയെ വ്യത്യസ്തമാക്കുന്നുവെന്നും മേളയിലൂടെ നിരവധി പുസ്തകങ്ങള്‍ വായിക്കപ്പെടട്ടെയെന്നും ഡോ. പി കെ പോക്കര്‍ ചിന്ത പവലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മാസ് മുന്‍ പ്രസിഡന്റ് ഹമീദ്, സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി ഷമീര്‍, സാഹിത്യവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജിതേഷ് എന്നിവർ സംസാരിച്ചു. മാസ് പ്രവര്‍ത്തകരായ ഇബ്രാഹിം അംബിക്കാന, മനു, സമീന്ദ്രന്‍, റിയാസ്, റുക്കീയ, ചിന്ത പ്രതിനിധി ശിവപ്രസാദ് ബി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ടി പത്മനാഭന്റെ അദൃശ്യനദി, എനിക്ക് എന്റെ വഴി, ബി എം സുഹറയുടെ ഒരുത്തി, അശോകന്‍ ചരുവിലിന്റെ ജര്‍മ്മന്‍ ദിനങ്ങള്‍, പി വത്സലയുടെ ചിത്രലേഖ, ചിന്ത സുവര്‍ണ ജൂബിലി കഥാപരമ്പരയില്‍ ജി ആര്‍ ഇന്ദുഗോപന്‍, ആര്‍ ഉണ്ണി, ഹരിത സാവിത്രി, സി അനൂപ്, ബി മുരളി, ശ്രീബാല കെ മേനോന്‍ എന്നിവരും, ധനുജകുമാരിയുടെ ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം, ദേശാഭിമാനി ചരിത്രം, അരുന്ധതി റോയിയുടെ കനിവോടെ കൊല്ലുക തുടങ്ങി മലയാളത്തിലെ ഈടുറ്റ ഗ്രന്ഥങ്ങളുമായാണ് ചിന്ത ഇത്തവണ മേളയിലെത്തിയത്.

ഇ എം എസ് ആത്മകഥ, എ കെ ജിയുടെ എന്റെ ജീവിതകഥ, നായനാരുടെ ഒളിവുകാല സ്മൃതികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ ഗ്രന്ഥങ്ങളും ചിന്ത സ്റ്റാളിലുണ്ട്. നോവല്‍, കഥ, ബാലസാഹിത്യം, യാത്ര, വേള്‍ഡ് ക്ലാസിക് കൃതികളുടെ വിപുല ശേഖരവും ചിന്തയില്‍ സജ്ജമാണ്. നവംബര്‍ 6 മുതല്‍ 17 വരെയാണ് പുസ്തകോത്സവം. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ZD2 ലാണ് ചിന്ത പവലിയന്‍.



deshabhimani section

Related News

View More
0 comments
Sort by

Home