സ്‌കൂൾ കായികമേള ‘ലൈവ്‌’ ആക്കാൻ കൈറ്റ് തയ്യാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 03:35 PM | 0 min read

കൊച്ചി > ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും ലൈവായി തന്നെ ജനങ്ങളിലേക്കെത്തും. ഇതിനായി പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തി.

സ്പോർട്സ് പോർട്ടൽ

സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ നടന്ന 730 മത്സര ഇനങ്ങളുടെ മുഴുവൻ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ  www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി ലഭ്യമാവും. 17 വേദികളിലായി  നടക്കുന്ന മേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെയാണ്  ലഭിക്കുക. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും  പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ്‌യു ഐഡി-യും (സ്കൂള്‍ സ്പോര്‍ട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വർഷം പ്രത്യേകം മൊബൈൽ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്‌സ്

എല്ലാ ദിവസവും രാവിലെ 6.30 ന് മത്സരങ്ങൾ ആരംഭിക്കുന്നതു മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി എട്ടുവരെയുള്ള  
പ്രധാനപ്പെട്ട മൂന്നു വേദികളിൽ നിന്നുള്ള ദൃശ്യങ്ങളാണ്‌ കൈറ്റ് വിക്‌ടേഴ്‌സ് തത്സമയം സംപ്രേഷണം ചെയ്യുക. ഇതിനായി പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിന്‌ സമീപം സ്റ്റുഡിയോ ഫ്ലോർ സജ്ജീകരിച്ചിട്ടുണ്ട്‌. ഇതിനു പുറമെ കടവന്ത്ര സ്പോർട്സ് ഹബ്, കോതമംഗലം എംഎ കോളേജ് എന്നീ കേന്ദ്രങ്ങളിലും വിപുലമായ കവറേജ് ഉണ്ടാകും. മറ്റു വേദികളിൽ നിന്നുള്ളവ ഡിഫേർഡ് ലൈവ് ആയിട്ടായിരിക്കും സംപ്രേഷണം.

അഞ്ചാം വേദിയായ കണ്ടയ്നർ  റോഡിൽ  മൂന്നു കിലോ മീറ്റർ ചുറ്റളവിൽ നടക്കുന്ന സൈക്ലിംഗ് സ്റ്റഡി ക്യാമും ഹെലിക്യാമും ഉപയോഗിച്ചും തത്സമയ സംപ്രേഷണം ഉണ്ടാകും. സ്പ്രിന്റ്  ഇനങ്ങൾ പോലുള്ളവ ചിത്രികരിക്കുന്നതിനായി ഹെലിക്യാം ഉപയോഗിക്കും. നാലാം തീയതി ഉദ്‌ഘാടനത്തോടുകൂടിയാണ്‌ ലൈവ്  ടെലികാസ്റ്റിംഗ്‌ ആരംഭിക്കുക. മത്സര വിവരങ്ങളും, പോയിന്റ്  നിലകളും, വിജയികളെക്കുറിച്ചുള്ള വിവരങ്ങളും, അഭിമുഖങ്ങളും, ഫൈനലുകളുടെ  സ്ലോമോഷൻ റിവ്യൂകളും കൈറ്റ് വിക്‌ടേഴ്‌സിൽ നൽകും.

നാലു പതിറ്റാണ്ടായി സ്പോർട്സ് കമന്ററി മേഖലയിലുള്ള അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അനൗൺസർമാരായ ശ്രീകുമാരൻ നായർ, ഗ്രിസിൽഡ സേവിയർ അഭിലാഷ്, സിമി മറിയം, മഹേഷ്‌   എന്നിവരുടെ ടീമാണ് കൈറ്റ് വിക്ടേഴ്സിനു വേണ്ടി മുഴുവൻ സമയവും കമന്ററി നൽകുന്നത്.

കൈറ്റ് വിക്ടേഴ്സ് ആപ്പിലും , victers.kite.kerala.gov.in  സൈറ്റിലും കൈറ്റിന്റെ itsvicters യുട്യൂബ് ചാനലിലും, ഇ -വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാവുന്നതാണ്.

സ്‌കൂൾ വിക്കി, ലിറ്റിൽ കൈറ്റ്സ്

സ്‌കൂളുകളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ സ്‌കൂൾ വിക്കി പോർട്ടലിൽ ( www.schoolwiki.in ) എല്ലാ വേദികളിൽ നിന്നുമുള്ള ചിത്രങ്ങൾ ലഭിക്കും. ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിലാണ് ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി പ്രൊമോ വീഡിയോകൾ ഫില്ലറുകൾ സോഷ്യൽ മീഡിയക്കാവശ്യമായ റീൽസ് എന്നിവയും  തയാറാക്കുന്നുണ്ട്. കേരള മീഡിയ അക്കാഡമിയിലെ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകും.

‘മുൻ വർഷങ്ങളിൽ പ്രധാന വേദി കേന്ദ്രീകരിച്ചായിരുന്നെങ്കിൽ  ഈ മേളയിൽ 17 വേദികളുടെയും കവറേജ് നടത്തുന്നതിന്‌ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി എഴുപതോളം സാങ്കേതിക പ്രവർത്തകരെ സ്‌കൂൾ കായികോത്സവത്തിനായി കൈറ്റ്  വിന്യസിച്ചിട്ടുണ്ട്‌.’- കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home