ഇന്ത്യ- ഒമാൻ ബന്ധങ്ങളിൽ പുത്തനുണർവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 04:03 PM | 0 min read

മസ്‌ക്കത്ത് > ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ പദ്ധതികളുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത കെട്ടുവള്ളത്തിൻറെ  നിർമ്മാണ മേൽനോട്ട ചുമതലയിലേക്ക് ഒമാൻ സെയിൽ ക്യാപ്റ്റൻ സാലിഹ് ബിൻ സെയ്ദ് അൽ ജാബ്രിയെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഒമാൻറെ പരമ്പരാഗത യാനമായ 'ജ്യുവൽ ഓഫ് മസ്‌ക്കറ്റ്' മാത്യകയിൽ നിർമ്മിക്കപ്പെടുന്ന ഈ കെട്ടുവള്ളം അടുത്ത കൊല്ലം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിൽ നിന്നും മസ്‌ക്കറ്റിലേക്കുള്ള പൗരാണിക നാവിക യാത്ര ഇതിലൂടെ പുനരാവിഷ്‌ക്കരിക്കാനാണ് ആലോചനയെന്നും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
 
പരമ്പരാഗത കപ്പൽ നിർമ്മാണ രീതികൾ ഉപയോഗപ്പെടുത്തി പ്രാചീന വ്യപാര നാവിക പാതകൾ പുനരാവിഷ്ക്കരിക്കുക എന്ന ഉദ്യമം ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഇന്ത്യൻ സന്ദർശനവേളയിൽ ക്യാപ്റ്റൻ ജബ്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സാംസ്ക്കാരിക മന്ത്രാലയം, ഇന്ത്യൻ നേവി, ഗോവയിലെ ഹോഡി ഇന്നൊവേഷൻസ് എന്നിവയുടെ സംയുക്ത സംരംഭമായ കെട്ടു വള്ള നിർമ്മാണത്തിന് മുൻകൈയെടുത്തത്, പ്രാധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകത സമിതിയിലുള്ള സഞ്ജീവ് സന്യലാണ്.

അജന്താ ഗുഹകളിൽ നിന്നുള്ള ചുമർ ചിത്രങ്ങളിലെ മൂന്ന് നില പാമരം കെട്ടിയ യാനത്തിൻറെ മാതൃകയിൽ ഗോവയിലെ ദിവാർ ദ്വീപിലാണ് കെട്ടു വള്ള നിർമ്മാണം നടക്കുന്നത്. പലകകൾ ആണികൾ ചേർത്തുറപ്പിക്കുന്നതിന് പകരം കയറുപയോഗിച്ച് കെട്ടുകയോ തുന്നുകയോ ചെയ്യുന്ന മുഗൾ കാലഘട്ടത്തിൽ നിലവിലിരുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും, വലിയ കപ്പലുകളിൽ ഈ രീതി നിലവിൽ അന്യം നിന്നുകൊണ്ടിരിക്കുകയാണെന്നും സന്യാൽ പറഞ്ഞു.

19.6 മീറ്റർ നീളമുള്ള ഈ കപ്പൽ പൂർണമായും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2025 ഫെബ്രുവരിയിലോ മാർച്ചിലോ ആദ്യ യാത്രയ്ക്ക് യാനം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്തിലെ മാണ്ഡവിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള ചരിത്രപ്രധാനമായ പാതയിലൂടെയാണ് കന്നിയാത്ര നടക്കുകയെന്ന് സന്യാൽ പറഞ്ഞു. ആദ്യ യാത്ര വിജയകാര്യമായി പര്യവസാനിക്കുന്ന പക്ഷം ഒഡീഷയിൽ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് മറ്റൊരു യാത്ര കൂടി പദ്ധതിയുണ്ടെന്നും ക്യാപ്റ്റൻ ജാബ്രിയുടെ സാന്നിധ്യത്തിൽ ഗോവയിൽ നടന്ന ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാവികർ കുറഞ്ഞത് 5000 വർഷങ്ങളായി പര്യവേക്ഷണങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും വെങ്കലയുഗത്തോളം പഴയ കാലം മുതൽ ഒമാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ ദേശങ്ങളിലേക്ക് ഇന്ത്യൻ വ്യാപാരികൾ എത്തിയതിന് തെളിവുകണ്ടെന്നും, ഇനിയും വെളിച്ചം വീഴാത്ത നിരവധി മേഖലകൾ ചരിത്രത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നാവിക പൈതൃകത്തിൻ്റെയും ഒമാനുമായുള്ള സാംസ്‌കാരിക ബന്ധത്തിൻ്റെയും സാക്ഷ്യപത്രമായി ഈ പദ്ധതി ഉരുത്തിരിയുമെന്ന് സന്യാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home