പിഴവിൽ പിടഞ്ഞു ; ബംഗളൂരുവിനോട്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 11:20 PM | 0 min read


കൊച്ചി
പിഴവുകളിൽ വഴിതെറ്റിയ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എല്ലിൽ കനത്ത തോൽവി വഴങ്ങി. വിരുന്നെത്തിയ ബംഗളൂരു എഫ്‌സിയോട് 1–-3നാണ്‌ തകർന്നത്‌. ഇരട്ടഗോളുമായി പകരക്കാരൻ എഡ്‌ഗാർ മെൻഡെസ്‌ ബംഗളൂരുവിന്‌ ജയമൊരുക്കി. ആദ്യത്തേത്‌ ജോർജ്‌ പെരേര ഡയസ്‌ സ്വന്തമാക്കി. ബ്ലാസ്‌റ്റേഴ്‌സിനായി ഹെസ്യൂസ്‌ ഹിമിനെസ്‌ പെനൽറ്റിയിലൂടെ ഒന്നുമടക്കി. ബംഗളൂരു ഒന്നാമത്‌ തുടർന്നു. രണ്ടാംതോൽവിയോടെ ആറാമതാണ്‌ മിക്കേൽ സ്‌റ്റാറേയുടെ സംഘം.

കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലെ സ്വന്തം കാണികൾക്കുമുന്നിൽ ആഗ്രഹിച്ച തുടക്കമായിരുന്നില്ല ബ്ലാസ്‌റ്റേഴ്‌സിന്‌. കളി ചൂടുംപിടിക്കുംമുമ്പ്‌ പന്ത്‌ സ്വന്തം വലയിൽ കുരുങ്ങി. അതും പ്രതിരോധനിരയിലെ വിശ്വസ്‌തൻ പ്രീതം കോട്ടാലിന്റെ പിഴവ്‌. അലെക്‌സാൻഡ്രെ കൊയെഫിന്റെ ബാക്ക്‌ പാസ്‌ അലക്ഷ്യമായി പിടിച്ചെടുക്കാൻ നോക്കിയ കോട്ടാലിന്‌ എല്ലാം പിഴച്ചു. അതിവേഗത്തിൽ കുതിച്ചെത്തിയ ഡയസ്‌ പന്തുമായി മുന്നേറി. ഗോൾ കീപ്പർ സോംകുമാർ നിസ്സഹായനായി നോക്കിനിൽക്കുന്നതിനിടെ പന്ത്‌ വലയിലേക്ക്‌ കോരിയിട്ടു.

ആ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ തളർന്നില്ല. ഒന്നാന്തരം നീക്കങ്ങളുമായി ബംഗളൂരു ഗോൾ മേഖലയിലേക്ക്‌ കുതിച്ചു. നോഹ സദൂയിക്ക്‌ പരിക്കേറ്റതിനാൽ ആദ്യ പതിനൊന്നിൽ ഇടംകിട്ടിയ പെപ്ര കിട്ടിയ അവസരം പാഴാക്കിയില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ നീക്കങ്ങൾക്കും പെപ്രയുടെ സ്‌പർശമുണ്ടായിരുന്നു. അഡ്രിയാൻ ലൂണയ്‌ക്ക്‌ പ്രതീക്ഷിച്ച വേഗം കൈവരിക്കാനായില്ല. ഹിമിനെസ്‌ കിട്ടിയ അവസരങ്ങൾ ഗോളിലേക്ക്‌ ഉന്നംപിടിച്ചു. അതിലൊന്ന്‌ ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത്‌ സിങ് സന്ധുവിന്റെ കൈയിൽ തട്ടി. പിന്നെ ബാറിലും തട്ടിത്തെറിച്ചു. ഇതിനിടെ പെപ്രയുടെ ഉശിരൻ ക്രോസ്‌ ഗോൾമുഖത്തേക്ക്‌ പറന്നെങ്കിലും ഹിമിനെസിന്‌ അതിൽ കൃത്യമായി തലവയ്‌ക്കാനായില്ല.

മധ്യനിരയിൽ വിബിൻ മോഹനനും ഡാനിഷ്‌ ഫാറൂഖും കളി നിയന്ത്രിച്ചതോടെ മുന്നേറ്റത്തിലേക്ക്‌ പന്ത്‌ കൃത്യമായി എത്തി. ഇടവേളയ്‌ക്ക്‌ പിരിയുന്നതിനുമുമ്പ്‌ ബ്ലാസ്റ്റേഴ്‌സ്‌ ഒപ്പമെത്തി. പെപ്രയെ ബോക്‌സിൽ കാൽവച്ച്‌ വീഴ്‌ത്തിയതിന്‌ പെനൽറ്റി. ഹിമിനെസ്‌ കിക്ക്‌ എടുത്തു. വലംകാൽ പ്രഹരമായിരുന്നു. ഗുർപ്രീതിന്‌ ഗതി മനസ്സിലാകുംമുമ്പ്‌ പന്ത്‌ വലയുടെ വലതുമൂലയിൽ തറച്ചു. ഈ സീസണിൽ ആദ്യമായി ബംഗളൂരു വലയിൽ പന്തെത്തി.

കളി നിയന്ത്രണത്തിൽ പോകുമ്പോഴാണ്‌ മറ്റൊരു പിഴവ്‌ സംഭവിച്ചത്‌. ആൽബെർട്ടോ നെഗുവോരയുടെ ഫ്രീകിക്ക്‌ പിടിച്ചെടുക്കാൻ പാകത്തിലാണ്‌ ഗോൾ കീപ്പർ സോംകുമാറിന്‌ കിട്ടിയത്‌. പക്ഷേ, പന്ത്‌ കൈയിൽനിന്ന്‌ ഊർന്നുപോകുകയായിരുന്നു. രണ്ടാമതൊരു അവസരം കിട്ടിയില്ല. അതിനുമുമ്പ്‌ എഡ്‌ഗാർ മെൻഡെസ്‌ അടിപായിച്ചു.

ഒപ്പമെത്താൻ അവസരം അടുത്തനിമിഷം കിട്ടിയതാണ്‌. പക്ഷേ, അതുവരെ മിന്നിയ പെപ്ര നിർണായകനിമിഷം പതറി. ഹിമിനെസ്‌ നീട്ടിനൽകിയ പന്തുമായി ബോക്‌സിൽ കയറിയ ഘാനക്കാരൻ ഗോൾ കീപ്പർ മുന്നിൽനിൽക്കെ പന്ത്‌ പുറത്തേക്കടിച്ചു. സർവം മറന്നുള്ള ആക്രമണക്കളിക്ക്‌ മറ്റൊരു ഗോൾകൊണ്ടാണ് ബംഗളൂരു മറുപടി നൽകിയത്‌. പ്രതിരോധനിരയിൽനിന്നുള്ള പന്ത്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾമേഖലയിലേക്ക്‌ എത്തുമ്പോൾ ഗോൾ കീപ്പർ സോംകുമാർ അവിടെയുണ്ടായിരുന്നില്ല. മുന്നിൽക്കയറിയ സോമിന്‌ പന്തുമായി മുന്നേറിയ മെൻഡെസിനെ  തടയാനുള്ള മിടുക്കുമുണ്ടായില്ല. നവംബർ മൂന്നിന്‌ മുംബൈ സിറ്റി എഫ്‌സിയുമായാണ്‌ അടുത്ത കളി.



deshabhimani section

Related News

View More
0 comments
Sort by

Home