ഏകദിന ക്രിക്കറ്റ്‌ പരമ്പര ; വനിതകൾ ഇന്ന്‌ കിവീസിനോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 10:52 PM | 0 min read


അഹമ്മദാബാദ്‌
ട്വന്റി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഇന്ത്യൻ വനിതാ ടീം അടുത്തവർഷം നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഒരുക്കത്തിൽ. ന്യൂസിലൻഡുമായുള്ള ഏകദിന പരമ്പരയോടെയാണ്‌ തുടക്കം. ഇന്ന്‌ പകൽ 1.30ന്‌ അഹമ്മദാബാദിലാണ്‌ ആദ്യകളി.

ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറിന്‌ നിർണായകമാണ്‌ പരമ്പര. ദുബായിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ മികച്ച റൺവേട്ടക്കാരിയായെങ്കിലും ടീം ഗ്രൂപ്പ്‌ ഘട്ടം കടന്നില്ല. മുപ്പത്തഞ്ചുകാരിയുടെ ക്യാപ്‌റ്റൻസിക്കുനേരെ ചോദ്യങ്ങളുയരുന്നുണ്ട്‌. സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്‌ എന്നിവരിലൊരാളെ ക്യാപ്‌റ്റനാക്കണമെന്ന്‌ മുൻതാരങ്ങൾ ഉൾപ്പെടെ വാദമുന്നയിച്ചിരുന്നു. ലോകകപ്പിൽ ഓസ്‌ട്രേലിയയുമായുള്ള നിർണായക കളിയുടെ അവസാന ഓവറിൽ ഹർമൻപ്രീത്‌ സ്‌ട്രൈക്ക്‌ കൈമാറിയത്‌ വിവാദമായിരുന്നു. അവസാന മൂന്നു പന്തിൽ 13 റൺ വേണ്ടിയിരിക്കെ സിംഗിൾ എടുക്കുകയായിരുന്നു.

വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌ ടീമിലില്ല. 12–-ാംക്ലാസ്‌ പരീക്ഷ എഴുതാൻ പരമ്പരയിൽനിന്ന്‌ പിന്മാറി. മലയാളിതാരം ആശ ശോഭനയും കളിക്കുന്നില്ല. ആശയ്‌ക്ക്‌ ലോകകപ്പിൽ ഓസീസുമായുള്ള കളിക്ക്‌ തൊട്ടുമുമ്പ്‌ പരിക്കേൽക്കുകയായിരുന്നു. ഓൾ റൗണ്ടർ പൂജ വസ്‌ത്രാക്കറും പരിക്കുകാരണം ടീമിലില്ല. തേജൽ ഹസബ്‌നിസ്‌, സയ്‌മ താക്കോർ, പ്രിയ മിശ്ര എന്നീ പുതുമുഖങ്ങളും ടീമിൽ ഉൾപ്പെട്ടു. മൂന്നു മത്സരങ്ങളും അഹമ്മദാബാദിലാണ്‌. ന്യൂസിലൻഡിനെ ലോകകപ്പ്‌ ക്യാപ്‌റ്റൻ സോഫി ഡിവൈനാണ്‌ നയിക്കുന്നത്‌. ലോകകപ്പിന്റെ താരമായ അമേലിയ കെറും ടീമിലുണ്ട്‌. പേസ്‌ ബൗളർ റോസ്‌മേരി മയെറിന്‌ വിശ്രമം അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home