ബംഗ്ലായെ പൂട്ടി യുവനിര ; ഇന്ത്യക്ക് 7 വിക്കറ്റ് ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 11:29 PM | 0 min read

ഗ്വാളിയർ
ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യക്ക്‌ ആധികാരിക ജയം. പന്തിലും ബാറ്റിലും ഒരുപോലെ തിളങ്ങിയ യുവനിര ഏഴ്‌ വിക്കറ്റിനാണ്‌ ജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശിനെ 127ന്‌ പുറത്താക്കിയ ഇന്ത്യ11. 5 ഓവറിൽ ജയം നേടി. മൂന്ന്‌ വിക്കറ്റെടുത്ത അർഷ്‌ദീപ്‌ സിങ്ങാണ്‌ മാൻ ഓഫ്‌ ദ മാച്ച്‌.

സ്‌കോർ: ബംഗ്ലാദേശ്‌ 127 (19.5); ഇന്ത്യ 132/3 (11.5)

ചെറിയ ലക്ഷ്യം പിന്തുടരാനെത്തിയ ഇന്ത്യൻ ബാറ്റർക്ക്‌ ബംഗ്ലാ ബൗളർമാർ വെല്ലുവിളിയേ ആയില്ല. ഓപ്പണറുടെ വേഷത്തിലെത്തിയ മലയാളിതാരം സഞ്‌ജു സാംസൺ മികച്ച തുടക്കമാണ്‌ നൽകിയത്‌. ഏഴ്‌ പന്തിൽ 16 റണ്ണെടുത്ത അഭിഷേക്‌ ശർമ നിർഭാഗ്യകരമായി റണ്ണൗട്ടായി മടങ്ങുകയായിരുന്നു. സഞ്‌ജു ശ്രദ്ധാപൂർവം കളിച്ചു. മോശം പന്തുകളെ ശിക്ഷിച്ചു. ആറ്‌ ഫോർ ഉൾപ്പെടെ 19 പന്തിൽ 29 റണ്ണെടുത്ത സഞ്‌ജു, മെഹിദി ഹസൻ മിറാസിന്റെ പന്തിലാണ്‌ പുറത്തായത്‌. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌ 14 പന്തിൽ 29 റണ്ണടിച്ചു. മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. 16 പന്തിൽ 39 റണ്ണുമായി പുറത്താകാതെനിന്ന ഹാർദിക്‌ പാണ്ഡ്യ ജയം  വേഗത്തിലാക്കി. രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറും പറത്തി. അരങ്ങേറ്റക്കാരൻ നിതീഷ്‌ റെഡ്ഡിയായിരുന്നു (15 പന്തിൽ 16) കൂട്ട്‌.

ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ബംഗ്ലാദേശിന്‌ തുടക്കംതന്നെ പാളി. അർഷ്‌ദീപ്‌ ആഞ്ഞടിച്ചപ്പോൾ അവർക്ക്‌ പിടിച്ചുനിൽക്കാനായില്ല. 3.5 ഓവറിൽ 14 റൺ മാത്രം വഴങ്ങിയായിരുന്നു മൂന്ന്‌ വിക്കറ്റ്‌. സ്‌പിന്നർ വരുൺ ചക്രവർത്തിക്കും മൂന്ന്‌ വിക്കറ്റുണ്ട്‌. അരങ്ങേറ്റ മത്സരം കളിച്ച മായങ്ക്‌ യാദവ്‌ ഒരു വിക്കറ്റ്‌ നേടി. മായങ്കിന്റെ ആദ്യ ഓവർ മെയ്‌ഡനായിരുന്നു.മൂന്ന്‌ മത്സരപരമ്പരയിലെ രണ്ടാമത്തേത്‌ ഒമ്പതിന്‌ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home