കാൺപുരിൽ മഴപ്പേടി ; ഇന്ത്യ–ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 10:57 PM | 0 min read


കാൺപുർ
ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ്‌ പരമ്പര തൂത്തുവാരാനുള്ള ലക്ഷ്യവുമായി ഇറങ്ങുന്ന ഇന്ത്യക്ക്‌ ഇന്ന്‌ മഴപ്പേടി. കാൺപുരിൽ അടുത്ത മൂന്ന്‌ ദിവസവും മഴയായിരിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ആദ്യ ടെസ്‌റ്റ്‌ ജയിച്ച ഇന്ത്യ 1–-0ന്‌ മുന്നിലാണ്‌. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ഒന്നാമതാണ്‌ ഇന്ത്യ. പരമ്പര നേടിയാൽ ഒന്നാംസ്ഥാനത്ത്‌ ലീഡ്‌ വർധിപ്പിക്കാം. മറുവശത്ത്‌ പാകിസ്ഥാനെ തകർത്തുവന്ന ബംഗ്ലാദേശിന്‌ ഇന്ത്യക്കെതിരെ ആ മികവ്‌ നിലനിർത്താനായില്ല. ചെന്നൈയിലെ ആദ്യ ടെസ്‌റ്റിൽ 280 റണ്ണിനായിരുന്നു തോൽവി.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ്‌ ഇന്ത്യ ചെന്നൈ ടെസ്‌റ്റ്‌ ജയിച്ചത്‌. പ്രധാന താരങ്ങളായ രോഹിത്‌ ശർമയ്‌ക്കും വിരാട്‌ കോഹ്‌ലിക്കും റൺ കണ്ടെത്താൻ കഴിയാത്തത്‌ ബാറ്റിങ്‌ നിരയെ ബാധിച്ചില്ല. ഇരുവരും ചേർന്ന്‌ നാല്‌ ഇന്നിങ്‌സുകളിലായി 34 റണ്ണാണ്‌ നേടിയത്‌. എന്നിട്ടും മൂന്ന്‌ സെഞ്ചുറികളും രണ്ട്‌ അർധസെഞ്ചുറികളും ഇന്ത്യൻ നിര നേടി. ബൗളിങ്‌ വിഭാഗത്തിൽ പേസർമാരും സ്‌പിന്നർമാരും മിന്നി. ഒന്നാം ഇന്നിങ്‌സിൽ പേസ്‌ നിര എട്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോൾ രണ്ടാം ഇന്നിങ്‌സിൽ സ്‌പിന്നർമാർ ഒമ്പത്‌ വിക്കറ്റെടുത്തു.

മറുവശത്ത്‌, ക്യാപ്‌റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോ മാത്രമാണ്‌ പിടിച്ചുനിന്നത്‌. ഷാക്കിബ്‌ അൽ ഹസൻ, ലിട്ടൺ ദാസ്‌, മെഹിദി ഹസൻ മിറാസ്‌ എന്നിവർക്ക്‌ മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. മത്സരത്തലേന്ന്‌ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഷാക്കിബ്‌ ഇന്ന്‌ കളിച്ചേക്കും. വിരലിന്‌ പരിക്കാണ്‌ ഓൾറൗണ്ടർക്ക്‌.
ഇന്ത്യ മൂന്ന്‌ സ്‌പിന്നർമാരുമായി കളിക്കാനാണ്‌ സാധ്യത. അക്‌സർ പട്ടേലോ കുൽദീപ്‌ യാദവോ ആയിരിക്കും കളിക്കുക. പേസർ ആകാശ്‌ ദീപ്‌ പുറത്തിരിക്കും.
മഴ ഭീഷണിയുള്ളതിനാൽ ടോസ്‌ നിർണായകമാകും.

ഇന്ത്യൻ ടീം: രോഹിത്‌ ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, ഋഷഭ്‌ പന്ത്‌, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ്‌ യാദവ്‌/അക്‌സർ പട്ടേൽ, ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌.

ബംഗ്ലാദേശ്‌ ടീം: ഷദ്‌മാൻ ഇസ്ലാം, സാക്കിർ ഹസൻ, നജ്‌മുൽ ഹുസൈൻ ഷാന്റോ, മൊമിനുൾ ഹഖ്‌, മുഷ്‌ഫിക്കർ റഹീം, ഷാക്കിബ്‌ അൽ ഹസൻ, ലിട്ടൺ ദാസ്‌, മെഹിദി ഹസൻ മിറാസ്‌, തയ്‌ജുൽ ഇസ്ലാം, ഹസൻ മഹ്‌മുദ്‌, ടസ്‌കിൻ അഹമ്മദ്‌.



deshabhimani section

Related News

View More
0 comments
Sort by

Home