ദോഫാർ ഗവർണറേറ്റിൽ ഖരീഫിന് ഔദ്യോഗിക സമാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 03:06 PM | 0 min read

സലാല > ദോഫാർ ഗവർണറേറ്റിലെ ഖരീഫ് സീസണിന് വിരാമമാകുന്നു. സീസൺ ഔദ്യോഗികമായി സപ്റ്റംബർ 21ന് സമാപിച്ചു. സഞ്ചാരികളുടെ വരവ് തുടരും എന്ന് തന്നെയാണ് കരുതുന്നത്. മറ്റൊരു സീസൺ 'സർബ് ' ന് ദോഫാറിൽ തുടക്കം കുറിക്കുകയാണ്. ജൂൺ 21 മുതൽ ആരംഭിച്ച ഖരീഫ് സീസണിൽ ഇതിനോടകം ദശലക്ഷത്തിൽ പരം സഞ്ചാരികളാണ് ദോഫാർ സന്ദർശിച്ച് മടങ്ങിയത്.

ജി സി സി രാജ്യങ്ങളിൽ ചൂടിൽ ചുട്ടു പൊള്ളുന്ന കാലാവസ്ഥയുള്ള ഗൾഫിൽ നിന്നാണ് സലാലയിലേക്ക് കൂടുതൽ പേർ എത്തിയത്. ജർസീസ്, റസാത്ത്, ഹംറാൻ, ശൽനൂത്ത്, അൽ മുഖ്ശൽ ബീച്ച്, വാദി ദർബാത്ത് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസങ്ങളിൽ സന്ദർശകരെത്തി. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിലേക്കും ഖൂർ റോറി, സമാഹ്രം, ശാശർ, ഉബാർ, വാദി താഖ എന്നിവിടങ്ങളിലും സഞ്ചാരികളെത്തി.
സലാലയിലെ ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ മറ്റു താമസ സൗകര്യങ്ങളിൽ  വലിയ തിരക്കാണ് കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ടത്.

സഞ്ചാരികളിൽ വലിയൊരുഭാഗം പേരും എത്തിയത് റോഡ് മാർഗമാണ്. വിമാന സർവ്വീസുകൾ ഉപയോഗപ്പെടുത്തിയവരും നിരവധിയാണ്.
പാർക്കുകൾ, താഴ്‌വാരങ്ങൾ, ബീച്ചുകൾ, ചരിത്ര സ്ഥലങ്ങൾ, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികൾ വലിയ തോതിൽ എത്തിയിരുന്നു. ചൂട് ശക്തമായ മസ്‌കത്ത്, അൽ വുസ്ത, ബുറൈമി, ബാതിന മേഖലകളിൽ നിന്ന് വ്യാപകമായി ജനങ്ങൾ സലാലയിലെത്തി. യു എ ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ജിസിസി രാജ്യങ്ങളിൽ നിന്നാണ് രാജ്യത്ത് പുറത്ത് നിന്നുള്ള സഞ്ചാരികളിൽ ഏറെയും.

ഖരീഫിന് ശേഷവും സഞ്ചാരികളെ ആകർഷിക്കാൻ അൽ സർബ് സീസൺ ആഘോഷിക്കുകയാണ് അധികൃതർ. പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ദോഫാർ നഗരസഭയുമായി ചേർന്ന് സർബ് കാലത്തേക്കായി വ്യത്യസ്ത പരിപാടികളാണ് ഒരുക്കുന്നത്. വ്യത്യസ്ത ആഘോഷ പരിപാടികളോടെയാണ് സർബ് ഉത്സവം അരങ്ങേറന്നത്.

 



deshabhimani section

Related News

View More
0 comments
Sort by

Home