അടി, തിരിച്ചടി, ജയം ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ജയംകുറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 11:01 PM | 0 min read


കൊച്ചി
ഒന്ന്‌ വഴങ്ങി, രണ്ട്‌ തൊടുത്ത്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എല്ലിൽ ജയംകുറിച്ചു. കൊൽക്കത്ത വമ്പന്മാരായ ഈസ്‌റ്റ്‌ ബംഗാളിനെതിരെ അവസാന ഘട്ടത്തിൽ ക്വാമി പെപ്ര തൊടുത്ത ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യജയം (2–-1). മലയാളി താരം പി വി വിഷ്‌ണുവിന്റെ ഗോളിൽ ഈസ്‌റ്റ്‌ ബംഗാളാണ്‌ ലീഡ്‌ നേടിയത്‌. നോഹ സദൂയ്‌  ഉടൻതന്നെ ഒന്ന്‌ മടക്കി. പകരക്കാരനായെത്തിയ പെപ്ര കളി തീരാൻ രണ്ട്‌ മിനിറ്റ്‌ ശേഷിക്കെ വിജയഗോൾ തൊടുക്കുകയായിരുന്നു.
ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ തോറ്റ മിക്കേൽ സ്‌റ്റാറേയുടെ സംഘം ഈസ്‌റ്റ്‌ ബംഗാളിനെതിരെ അവസാന ഘട്ടത്തിലാണ്‌ മിന്നിയത്‌. തുടക്കത്തിൽ ജീസസ്‌ ജിമിനെസ്‌ തകർപ്പൻ നീക്കത്തിലൂടെ പ്രതീക്ഷ നൽകിയതാണ്‌. പന്ത്‌ പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.

തുടർന്ന്‌ ഈസ്‌റ്റ്‌ ബംഗാളാണ്‌ കളംപിടിച്ചത്‌. നന്ദകുമാറിന്റെയും മാദിഹ്‌ തലാലിന്റെയും ഷോട്ടുകൾ സച്ചിൻ സുരേഷ്‌ തടയുകയായിരുന്നു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്‌ അവസരം. സന്ദീപ്‌ സിങ്ങിന്റെ ക്രോസിൽ കെ പി രാഹുലിന്‌ തല വയ്--ക്കാനായില്ല. തുടക്കത്തിലെ മിന്നലാട്ടം പതുക്കെ ബ്ലാസ്‌റ്റേഴ്‌സിന്‌ നഷ്ടമായിത്തുടങ്ങി. മുന്നേറ്റം ചിതറി. സദൂയിയും ജിമിനെസും പരസ്‌പരധാരണയില്ലാതെ ക്രോസുകൾ പായിച്ചു. ഡാനിഷിന്റെ മിസ്‌പാസുകൾ കളിഗതിയെ ബാധിച്ചു.

മറുവശത്ത്‌ ഈസ്റ്റ്‌  ബംഗാൾ ചുവടുറപ്പിച്ചു. മഹേഷ്‌ സിങ്ങിന്‌ പകരക്കാരനായെത്തിയ വിഷ്‌ണു കളത്തിലിറങ്ങി രണ്ടാം മിനിറ്റിൽത്തന്നെ കെട്ടുപൊട്ടിച്ചു. സന്ദീപ്‌ സിങ്ങിന്റെ പിഴവിൽനിന്നായിരുന്നു തുടക്കം. പന്ത്‌ നിയന്ത്രിക്കാൻ സന്ദീപിന്‌ കഴിഞ്ഞില്ല. നന്ദകുമാർ മുന്നിലേക്ക്‌ തട്ടി. ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ ഒറ്റയ്‌ക്ക്‌ പന്തുമായി കുതിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം പിന്നിൽ കിതച്ചുനിന്നു. ഇടതുവശത്ത്‌ വിഷ്‌ണുവിനെ ഡയമന്റാകോസ്‌ കണ്ടു. അനായാസം വിഷ്‌ണു പന്ത്‌ വലയിലിട്ടു.  നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ സദൂയിയുടെ സുന്ദരനീക്കത്തിൽ ജീവൻ നേടി. ഇടതുവശത്ത്‌ നവോച്ച സിങ്ങിൽനിന്ന്‌ പന്തുവാങ്ങി കുതിച്ച മൊറോക്കോക്കാരൻ ബോക്‌സിൽ കയറി ഗില്ലിനെ മറികടന്നു. ഈസ്‌റ്റ്‌ ബംഗാൾ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ പന്ത്‌ വലയിലെത്തി.  അവസാന നിമിഷങ്ങളിൽ ഇരുടീമുകളും ആക്രമണത്തിലേക്ക്‌ ചുവടുമാറിയതോടെ കളിക്ക്‌ ചൂടുപിടിച്ചു.

ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ആധിപത്യം. തുടർച്ചയായ ആക്രമണങ്ങളിൽ പതറിയ ഈസ്‌റ്റ്‌ ബംഗാൾ പ്രതിരോധത്തിന്‌ ഒടുവിൽ പിഴവുപറ്റി. ആ പിഴവിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ജയവുംകുറിച്ചു. രാഹുലും മുഹമ്മദ്‌ ഐമനും ചേർന്നുനടത്തിയ നീക്കങ്ങൾക്കൊടുവിൽ പന്ത്‌ പെപ്രയ്‌ക്ക്‌ കിട്ടി. ഒറ്റയ്‌ക്കുണ്ടായിരുന്ന ഘാനക്കാരൻ സമ്മർദമില്ലാതെ പന്ത്‌ തൊടുത്തു. വലയുടെ വലതുമൂലയിലേക്ക്‌ പന്ത്‌ കയറിയതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ സീസണിലെ ആദ്യജയം ആഘോഷിച്ചു.
29ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായാണ്‌ അടുത്ത മത്സരം. ഗുവാഹത്തിയാണ്‌ വേദി.



deshabhimani section

Related News

View More
0 comments
Sort by

Home