പൊന്നോണമാക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌ ; ഇന്ന്‌ 
കൊച്ചിയിൽ പഞ്ചാബിനോട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 11:49 PM | 0 min read


കൊച്ചി
തിരുവോണദിനത്തിൽ മിന്നിത്തിളങ്ങാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഐഎസ്‌എൽ ഫുട്‌ബോൾ 11–-ാംപതിപ്പിലെ ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയാണ്‌ എതിരാളി. സ്വന്തം തട്ടകമായ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ ഇന്ന്‌ മത്സരം. പരിശീലകൻ മിക്കേൽ സ്‌റ്റാറേയുടെ കൊച്ചിയിലെ തുടക്കമാണ്‌. തിരുവോണം പ്രമാണിച്ച്‌ 50 ശതമാനമാണ്‌ കാണികൾക്കുള്ള ഇരിപ്പിടം. അതിനാൽ സ്‌റ്റേഡിയം നിറയാൻ സാധ്യതയില്ല. എങ്കിലും പൊന്നോണസമ്മാനമായി ആരാധകർക്ക്‌ ജയം നൽകാമെന്ന ആത്മവിശ്വാസത്തിലാണ്‌ സ്‌റ്റാറേയും സംഘവും. പഞ്ചാബ്‌ അടിമുടി മാറിയെത്തിയ ടീമാണ്‌. ബ്ലാസ്‌റ്റേഴ്‌സിനെപ്പോലെതന്നെ പരിശീലകനെ മാറ്റി. താരവിപണിയിൽ മികച്ച നീക്കങ്ങൾ നടത്താനും പഞ്ചാബിന്‌ കഴിഞ്ഞു. കഴിഞ്ഞ സീസണിലാണ്‌ ഐഎസ്‌എല്ലിൽ ടീം എത്തിയത്‌.

മൂന്നുതവണ ഫൈനലിൽ കടന്നിട്ടും കിരീടം നേടാനാകാത്തതിന്റെ നിരാശ ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുപോയിട്ടില്ല. താരകൈമാറ്റത്തിൽ അത്ര മികച്ചതായിരുന്നില്ല ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾ. എങ്കിലും മുന്നേറ്റനിരയിൽ നോഹ സദൂയിയെയും സ്‌പാനിഷുകാരൻ ജീസസ്‌ ജിമെനെസിനെയും കൊണ്ടുവരാൻ കഴിഞ്ഞത്‌ നേട്ടമാണ്‌. മധ്യനിരയിൽ അതുപോലൊരു നീക്കമുണ്ടായില്ല. അഡ്രിയാൻ ലൂണയുടെ ചുമലിലാകും മുഴുവൻ ഭാരവും.

സറ്റയ്‌കോസ്‌ വെർഗെറ്റസിനു പകരം മറ്റൊരു ഗ്രീക്കുകാരൻ പനാഗിയോടിസ്‌ ഡിലംപെറിസ്‌ ആണ്‌ ഈ സീസണിൽ പഞ്ചാബിന്റെ തലപ്പത്ത്‌. അർജന്റീനക്കാരൻ എസ്‌ക്വിയേൽ വിദാലാണ്‌ മുന്നേറ്റത്തിൽ ഇക്കുറി പഞ്ചാബിന്റെ കുന്തമുന. ഡ്യൂറൻഡ്‌ കപ്പിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ തകർപ്പൻ കളിയായിരുന്നു വിദാലിന്റേത്‌. മാദിഹ്‌ തലാൽ, യുവാൻ മേറ, വിൽമർ ജോർദാൻ ഗിൽ, ദിമിത്രിയോസ്‌ ചാറ്റ്‌സിസയ്‌സ്‌ തുടങ്ങിയ വിദേശ താരങ്ങൾ ടീം വിട്ടു. ഫിലിപ്‌ മർസിയാക്, മുഷാഗ ബക്കെംഗ തുടങ്ങിയവർ എത്തി. ലൂക്കാ മെയ്‌സൻ ടീമിനൊപ്പം തുടർന്നു.

കൈ പിടിക്കാൻ ചൂരൽമലയിലെ കുട്ടികൾ
തിരുവോണനാളിൽ കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിൽ   കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ചു നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ. എട്ടിനും 12 നും ഇടയിൽ പ്രായമുള്ള 24 കുട്ടികൾ കളിക്കാർക്കൊപ്പം സ്‌റ്റേഡിയത്തിലെത്തുമ്പോൾ അതിജീവനത്തിനുള്ള പുതിയൊരു കാൽവെപ്പാവും. ഫുട്ബോളിലെ  ഇഷ്ടതാരങ്ങളുടെ സാന്നിധ്യം സന്തോഷവും ആത്മവിശ്വാസവും പകരുമെന്നാണ് പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സ്‌ ഒരുമിച്ചോണം എന്ന ആശയത്തിലാണ്‌ ദുരന്തമേഖലയിലെ കുട്ടികളെയും കൂടെ ചേർക്കുന്നത്‌.  ടീം നേടുന്ന ഓരോ ഗോളിനും ഒരുലക്ഷം രൂപ വീതം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

ഒരുക്കം മികച്ചത്‌: സ്‌റ്റാറേ
ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ആത്മവിശ്വാസത്തോടെയാണ്‌ ഇറങ്ങുന്നതെന്ന്‌ പരിശീലകൻ മിക്കേൽ സ്‌റ്റാറേ. ഒരുക്കത്തിൽ പൂർണസംതൃപ്തിയുണ്ട്‌. കാലാവസ്ഥയും കളവും മികച്ചത്‌. തായ്‌ലൻഡിലെയും കൊൽക്കത്തയിലെയും പരിശീലനം നന്നായിരുന്നു. ഡ്യൂറൻഡ്‌ കപ്പ്‌ നേടാനാകാത്തതിൽ നിരാശയുണ്ട്‌. പക്ഷേ, ആ ടൂർണമെന്റിൽ ഗോളടിച്ചുകൂട്ടാൻ ഞങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. നാളെ പഞ്ചാബ്‌ എഫ്‌സിയുമായി കടുത്ത മത്സരമാണ്‌ പ്രതീക്ഷിക്കുന്നത്‌. കളിക്കാർ അവരുടെ നൂറ്‌ ശതമാനവും കളത്തിൽ പുറത്തെടുക്കണം. അതാണ്‌ പ്രധാന കാര്യം. നിലവിൽ ആർക്കും പരിക്കില്ല–- സ്‌റ്റാറേ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home