സ്വർണക്കരുനീക്കം ; ചെസ്‌ ഒളിമ്പ്യാഡിന്‌ ഇന്ന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 11:07 PM | 0 min read


ബുഡാപെസ്‌റ്റ്‌
ചെസ്‌ ഒളിമ്പ്യാഡിൽ സ്വർണം ലക്ഷ്യമിട്ട്‌ ഇന്ത്യ തുടങ്ങുന്നു. ഇന്നുമുതൽ 11 റൗണ്ട്‌ മത്സരമാണ്‌. ആദ്യ റൗണ്ട്‌ വൈകിട്ട്‌ ആറരയ്‌ക്ക്‌ തുടങ്ങും. ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ 23 വരെ ഓപ്പൺ, വനിതാ വിഭാഗങ്ങളിലാണ്‌ മത്സരം. 2022ൽ ചെന്നൈയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇരുവിഭാഗത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. ഓപ്പൺ വിഭാഗത്തിൽ 193 ടീമുണ്ട്‌. വനിതകളിൽ 181.

പുരുഷവിഭാഗത്തിൽ ഇന്ത്യക്ക്‌ ശക്തമായ ടീമാണ്‌. നവംബറിൽ ലോക ചാമ്പ്യൻഷിപ്‌ കളിക്കാൻ ഒരുങ്ങുന്ന ഡി ഗുകേഷ്‌, ലോക നാലാം റാങ്കുകാരൻ അർജുൻ എറിഗെയ്‌സി, 12–-ാം റാങ്കുള്ള പത്തൊമ്പതുകാരൻ ആർ പ്രഗ്‌നാനന്ദ, പരിചയസമ്പന്നരായ വിദിത്‌ ഗുജറാത്തി, പി ഹരികൃഷ്‌ണ എന്നിവരാണ്‌ ടീം. ഇന്ത്യ രണ്ടാം സീഡാണ്‌. ഒന്നാം സീഡായ അമേരിക്കൻ ടീമിൽ ഫാബിയാനോ കരുവാനയുണ്ട്‌. ഹികാരു നകാമുറയില്ലാത്തത്‌ തിരിച്ചടിയാണ്‌. മൂന്നാം സീഡായ ചൈനീസ്‌ ടീമിൽ ലോകചാമ്പ്യൻ ഡിങ് ലിറനുണ്ട്‌. നിലവിലെ ജേതാക്കളായ ഉസ്‌ബെകിസ്ഥാൻ നാലാംസീഡാണ്‌. മുൻ ലോകചാമ്പ്യൻ മാഗ്‌നസ്‌ കാൾസൻ നോർവേ ടീമിൽ കളിക്കും.

ഓപ്പൺ വിഭാഗത്തിൽ 2014ലും 2022ലും ഇന്ത്യ വെങ്കലം നേടിയിട്ടുണ്ട്‌. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ മത്സരത്തിൽ 2020ൽ റഷ്യക്കൊപ്പം സ്വർണം പങ്കിട്ടു. 2021ൽ വെങ്കലം നേടി. സോവിയറ്റ്‌ യൂണിയനും പിന്നീട്‌ റഷ്യയും ചേർന്ന്‌ 24 തവണ ജേതാക്കളായിട്ടുണ്ട്‌. ഇത്തവണ ഒളിമ്പ്യാഡിന്റെ 45–-ാം പതിപ്പാണ്‌. വനിതകളിൽ ഡി ഹരിക, ആർ വൈശാലി, ദിവ്യ ദേശ്‌മുഖ്‌, വന്തിക അഗ്രവാൾ, താനിയ സച്‌ദേവ്‌ എന്നിവരാണ്‌ ഇന്ത്യൻ ടീമിൽ. ജോർജിയ ഒന്നും ഇന്ത്യ രണ്ടും സീഡാണ്‌. കൊണേരു ഹമ്പി ഇക്കുറി ടീമിലില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home