സബാഷ്‌ 
സബലെങ്ക ; യുഎസ്‌ ഓപ്പണിൽ 
അറീന സബലെങ്കയ്‌ക്ക്‌ ആദ്യ കിരീടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 10:45 PM | 0 min read


ന്യൂയോർക്ക്‌
അറീന സബലെങ്കയുടെ കാത്തിരിപ്പ്‌ അവസാനിച്ചു. ബെലാറസുകാരി യുഎസ്‌ ഓപ്പൺ ടെന്നീസിൽ ആദ്യമായി വനിതാ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി. ഫൈനലിൽ അമേരിക്കൻ താരം ജെസിക പെഗുലയെ 7–-5, 7–-5ന്‌ തോൽപ്പിച്ചു. കഴിഞ്ഞതവണ ഫൈനലിൽ തോറ്റ്‌ മടങ്ങിയതാണ്‌. അതിനുമുമ്പ്‌ രണ്ടുതവണയും സെമിക്കപ്പുറം പോകാനായില്ല.

ഇരുപത്താറുകാരിയുടെ മൂന്നാം ഗ്രാൻഡ്‌സ്ലാം കിരീടമാണ്‌. 2023ലും 2024ലും ഓസ്‌ട്രേലിയൻ ഓപ്പൺ നേടി. ആർതർ ആഷെ സ്‌റ്റേഡിയത്തിൽ കിരീടത്തിനായുള്ള പോരിൽ സബലെങ്കയുടെ ഫോർഹാൻഡ്‌ ഷോട്ടുകളുടെ കരുത്തും വേഗവുമാണ്‌ നിർണായകമായത്‌. ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനൽ കളിച്ച പെഗുല പൊരുതിയെങ്കിലും രണ്ടാംറാങ്കുകാരി കളംപിടിച്ചു. ആദ്യസെറ്റിന്റെ തുടക്കത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു. ആധിപത്യമുറപ്പിച്ച്‌ സബലെങ്ക 4–-2ലേക്ക്‌ മുന്നേറി. തുടർന്ന്‌ സെറ്റും മുൻതൂക്കവും ഉറപ്പിച്ചു. രണ്ടാംസെറ്റ്‌ അനായാസം നേടുമെന്ന്‌ കരുതവേ, പെഗുല അവിശ്വസനീയമായി കയറിവന്നു. 0–-3ന്‌ പിന്നിൽനിന്ന അമേരിക്കൻ താരം 3–-5ലേക്ക്‌ മുന്നേറി. ആത്മവിശ്വാസം കൈവിടാതെ തിരിച്ചടിച്ച സബലെങ്ക 4–-5ലേക്കും 5–-7ലേക്കും കുതിച്ചു. കലാശപ്പോര്‌ ഒരുമണിക്കൂറും 53 മിനിറ്റും നീണ്ടു.
ഈ സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയെങ്കിലും പരിക്കുമൂലം ഫ്രഞ്ച്‌ ഓപ്പണിൽ ക്വാർട്ടറിനപ്പുറം സാധ്യമായില്ല. വിംബിൾഡണിൽ കളിക്കാനുമായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home