ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ; സെമി തേടി 
ബ്ലാസ്‌റ്റേഴ്‌സ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 10:52 PM | 0 min read


കൊൽക്കത്ത
ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ സെമി ലക്ഷ്യമിട്ട്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്നിറങ്ങുന്നു. ക്വാർട്ടറിൽ അയൽക്കാരായ ബംഗളൂരു എഫ്‌സിയാണ്‌ എതിരാളി. കൊൽക്കത്ത സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ മത്സരം. സി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ അവസാന എട്ടിൽ ഇടംപിടിച്ചത്‌. മൂന്നു കളിയിൽ രണ്ടിലും ജയിച്ചു. ഒരു സമനിലയായിരുന്നു. 16 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ ഒരെണ്ണംമാത്രം. പുതിയ പരിശീലകൻ മിഖായേൽ സ്റ്റാറെയ്‌ക്കുകീഴിൽ ആക്രമണ ഫുട്‌ബോളാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌. ക്ലബ് രൂപീകരിച്ച്‌ പത്തുവർഷം കഴിഞ്ഞിട്ടും ഒറ്റ കിരീടവും ഇല്ലെന്ന പേരുദോഷം മായ്‌ക്കാനാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. ഒപ്പം അടുത്തമാസം തുടങ്ങുന്ന ഐഎസ്‌എല്ലിനായി മികച്ച ഒരുക്കവും മനസ്സിൽ കാണുന്നു.

മുന്നേറ്റത്തിൽ ക്വാമി പെപ്ര–-നോഹ സദോയി സഖ്യമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്‌. ഇരുവരുംകൂടി മൂന്നു മത്സരത്തിൽനിന്ന്‌ പത്ത്‌ ഗോൾ അടിച്ചുകൂട്ടി. എഫ്‌സി ഗോവയിൽനിന്ന്‌ ഈ സീസണിൽ കൂടാരത്തിലെത്തിച്ച മൊറോക്കോക്കാരനായ നോഹ പ്രതീക്ഷയ്‌ക്കൊത്ത കളിയാണ്‌ പുറത്തെടുക്കുന്നത്‌. കഴിഞ്ഞ സീസൺ അവസാനം പരിക്ക്‌ കാരണം പുറത്തായ പെപ്രയും ഫോമിലാണ്‌. ഇരുവർക്കും പിന്തുണയുമായി മധ്യനിരയിൽ ക്യാപ്‌റ്റനും സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയുണ്ട്‌. മുഹമ്മദ്‌ ഐമേൻ, മുഹമ്മദ്‌ അസ്‌ഹർ, മിലോസ്‌ ഡ്രിൻസിച്ച്‌ തുടങ്ങിയവരും ഭേദപ്പെട്ട കളി പുറത്തെടുത്തു.

മുൻ ചാമ്പ്യൻമാരായ ബംഗളൂരുവും സീനിയർ ടീമുമായാണ്‌ ടൂർണമെന്റിന്‌ എത്തിയത്‌. ഗ്രൂപ്പ്‌ ബിയിൽ മൂന്നും ജയിച്ചാണ്‌ വരവ്‌. മുൻ ബ്ലാസ്‌റ്റേഴ്‌സ്‌ താരവും മുംബൈ സിറ്റിയിൽനിന്ന്‌ ഇത്തവണ കൂടാരത്തിലെത്തിച്ച ജോർജ്‌ പെരേരിയ ഡയസാണ്‌ കുന്തമുന. ഒപ്പം ക്യാപ്‌റ്റൻ സുനിൽ ഛേത്രി, രാഹുൽ ബെക്കെ എന്നീ പ്രധാനികളുമുണ്ട്‌. ജെറാർഡ്‌ സറഗോസയാണ്‌ പരിശീലകൻ.

മറ്റൊരു ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്‌ പഞ്ചാബ്‌ എഫ്‌സിയെ നേരിടും. ജംഷഡ്‌പുരിലെ ടാറ്റ സ്‌പോർട്‌സ്‌ കോംപ്ലക്‌സിൽ വൈകിട്ട്‌ നാലിനാണ്‌ കളി. 26നും 27നുമാണ്‌ സെമി. ഫൈനൽ 31ന്‌ കൊൽക്കത്തയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home