വേഗം ഉയരം ദൂരം ; ഒളിമ്പിക്സ് അത്ലറ്റിക്സിന് ഇന്ന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 10:39 PM | 0 min read


പാരിസ്‌
പാരിസിലെ ട്രാക്കിനും ഫീൽഡിനും ജീവൻവയ്‌ക്കുന്നു. അത്‌ലറ്റിക്‌സിന്‌ ഇന്ന്‌ തുടക്കം. ആദ്യദിവസം 20 കിലോമീറ്റർ നടത്തമത്സരമാണ്‌. 11 ദിവസം 48 സ്വർണ മെഡലുകൾക്കായി 181-0 അത്‌ലീറ്റുകൾ മത്സരിക്കും. ഇന്ത്യക്ക്‌ 29 അംഗ ടീമാണ്‌. 

പാരിസിലെ സ്‌റ്റാഡ്‌ ഡി ഫ്രാൻസ്‌ സ്‌റ്റേഡിയമാണ്‌ വേദി. 80,000 കാണികളെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയമാണ്‌. അത്‌ലറ്റിക്‌സ്‌ അമേരിക്കയുടെ കുത്തകയാണ്‌. കഴിഞ്ഞതവണ ടോക്യോയിൽ ഏഴ്‌ സ്വർണമടക്കം 26  മെഡലുകൾ നേടി. അഞ്ച്‌ സ്വർണവുമായി ഇറ്റലി ഞെട്ടിച്ചു. കെനിയ, ജമൈക്ക, പോളണ്ട്‌ ടീമുകൾക്ക്‌ നാലുവീതം. ഇന്ത്യ നീരജ്‌ ചോപ്രയിലൂടെ ആദ്യ അത്‌ലറ്റിക്‌സ്‌ സ്വർണം സ്വന്തമാക്കി. 

ലോകം കാത്തിരിക്കുന്ന മത്സരം വേഗക്കാരെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലാണ്‌. വനിതകളുടെ ഹീറ്റ്‌സ്‌ നാളെ പകൽ രണ്ടിനും ഫൈനൽ ശനി രാത്രി 12.50നും നടക്കും. പുരുഷന്മാരുടെ ഹീറ്റ്‌സ്‌ ശനി പകൽ രണ്ടിനാണ്‌. ഫൈനൽ ഞായർ രാത്രി 1.20ന്‌.  ഉസൈൻ ബോൾട്ട്‌ ഒഴിച്ചിട്ട വേഗരാജാവിന്റെ സിംഹാസനം ലക്ഷ്യമിടുന്ന അമേരിക്കൻ അത്‌ലീറ്റ്‌ നോഹ ലെയ്‌ൽസാണ്‌ ശ്രദ്ധാകേന്ദ്രം.    പാരിസിലെ ട്രാക്കിൽ 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ റിലേ, 4 x 400 മീറ്റർ റിലേ ഇനങ്ങളിലാണ്‌ ഇറങ്ങുന്നത്‌. ടോക്യോയിൽ 200 മീറ്റർ വെങ്കലത്തിൽ ഒതുങ്ങിയിരുന്നു. നാട്ടുകാരനായ ഫ്രെഡ്‌ കെർലി, ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സൺ, കെനിയയുടെ ഫെർഡിനാന്റ്‌ ഒമന്യാല തുടങ്ങിയവരാണ്‌ വെല്ലുവിളി.

പാരിസിലേത്‌ അവസാന ഓട്ടമാണെന്ന്‌ ജമൈക്കൻ സ്‌പ്രിന്റ്‌ ഇതിഹാസം ഷെല്ലി ആൻഫ്രേസർ പ്രൈസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ടോക്യോയിൽ അമ്മയായതിനുശേഷമായിരുന്നു വരവ്‌. 100 മീറ്ററിൽ വെള്ളിയും റിലേയിൽ സ്വർണവും നേടി. പാരിസിൽ അഞ്ചാം ഒളിമ്പിക്‌സാണ്‌. ഇന്ത്യ 16 ഇനങ്ങളിലാണ്‌ മത്സരിക്കുന്നത്‌. 18 പുരുഷന്മാരും 11 വനിതകളുമാണ്‌ ടീമിൽ.

അഞ്ചു 
മലയാളികൾ
ഇന്ത്യൻ ടീമിൽ കേരളത്തിൽനിന്ന്‌ അഞ്ചു അത്‌ലീറ്റുകൾ. വനിതകൾ ആരുമില്ല. മുഖ്യകോച്ച്‌ പി രാധാകൃഷ്‌ണൻനായരും മലയാളിയാണ്‌. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കർ ഇറങ്ങും. കോഴിക്കോട്‌ വളയം സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ ആദ്യ ഒളിമ്പിക്‌സാണ്‌. 4 x 400 മീറ്റർ റിലേ ടീമിലാണ്‌ വൈ മുഹമ്മദ്‌ അനസ്‌, വി മുഹമ്മദ്‌ അജ്‌മൽ, അമോജ്‌ ജേക്കബ്‌ എന്നിവരുള്ളത്‌. മിജോ ചാക്കോ കുര്യൻ പകരക്കാരനാണ്‌. കൊല്ലം നിലമേൽ സ്വദേശിയായ അനസിന്‌ മൂന്നാമത്തെ ഒളിമ്പിക്‌സാണ്‌. അജ്‌മൽ പാലക്കാട്‌ ചെർപ്പുളശേരി സ്വദേശിയാണ്‌. ഇരുപത്താറുകാരന്റെ ആദ്യ ഒളിമ്പിക്‌സാണ്‌. അമോജ്‌ ജേക്കബ്‌ ഡൽഹി മലയാളിയാണ്‌. ലോക ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോഡിട്ട ഇന്ത്യൻ ടീമിൽ മൂന്നുപേരുമുണ്ടായിരുന്നു. മിജോ ആലപ്പുഴക്കാരനാണെങ്കിലും കർണാടകത്തിനായാണ്‌ മത്സരിക്കാറ്‌.



 



deshabhimani section

Related News

View More
0 comments
Sort by

Home