താരങ്ങൾ 
ഒഴുകിയെത്തും സെൻ നദിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 03:21 AM | 0 min read


പാരിസ്‌
ഒളിമ്പിക്‌സ്‌ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഉദ്‌ഘാടനച്ചടങ്ങിനാണ്‌ ലോകം സാക്ഷിയാകുക. സെൻ നദിയിലൂടെ  അത്‌ലീറ്റുകൾ ബോട്ടിൽ ഒഴുകിയെത്തിശേഷമാകും ഉദ്‌ഘാടനം. സ്‌റ്റേഡിയത്തിൽ നടക്കാറുള്ള അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്‌റ്റ്‌ ഇക്കുറി ബോട്ടിലാണ്‌.

ഏകദേശം 7000 അത്‌ലീറ്റുകൾ 160 കൂറ്റൻ ബോട്ടുകളിലെത്തും. പാരിസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ ആറ്‌ കിലോമീറ്ററാണ്‌ അത്‌ലീറ്റുകൾ സഞ്ചരിക്കുക. ഓസ്‌റ്റർ ലിറ്റ്‌സ്‌ പാലത്തിനടുത്തുനിന്ന്‌ തുടങ്ങുന്ന ‘ബോട്ട്‌മാർച്ച്‌’ ഈഫൽ ഗോപുരത്തിന്‌ അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ സ്‌ക്വയറിൽ അവസാനിക്കും. ഇവിടെയായിരിക്കും അത്‌ലീറ്റുകൾ ഒത്തുകൂടുക.

ഇന്ത്യൻ സമയം വെള്ളി രാത്രി 11ന്‌ തുടങ്ങുന്ന  ഉദ്‌ഘാടനച്ചടങ്ങുകൾ മൂന്നു മണിക്കൂർ നീളും. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോൺ ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിക്കും. നൂറോളം ലോക നേതാക്കൾ പങ്കെടുക്കും.

ഒളിമ്പിക് ദീപം 
കൊളുത്താൻ  പെരകോ 
സിദാനോ
പാരിസിൽ ഒളിമ്പിക്‌സ്‌ ദീപം കൊളുത്തുന്നത്‌ ആരായിരിക്കുമെന്ന സസ്‌പെൻസ്‌ ബാക്കി. ഫ്രാൻസിന്റെ ഇതിഹാസതാരങ്ങൾക്കായിരിക്കും അവസരം. കായികതാരങ്ങൾ അല്ലാത്തവരെ പരിഗണിക്കുമോയെന്ന്‌ വ്യക്തമല്ല. കായികരംഗത്തുനിന്ന്‌ രണ്ടു പേരുകളാണ്‌ സജീവം. മൂന്ന്‌ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ അത്‌ലീറ്റ്‌ മേരി ജോസ്‌ പെരകാണ്‌ അതിലെ പ്രധാനി. അമ്പത്താറുകാരി മേരി, 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ 400 മീറ്ററിൽ സ്വർണം നേടിയിരുന്നു. 1996ൽ അറ്റ്‌ലാന്റയിൽ 200, 400 മീറ്റർ ജയിച്ച്‌ സ്വർണ ഡബിൾ തികച്ചു.

ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പേരാണ്‌ മറ്റൊന്ന്‌. 1998ൽ ഫ്രാൻസിന്‌ ആദ്യമായി ഫുട്‌ബോൾ ലോകകപ്പ്‌ നേടിക്കൊടുത്തതിൽ പ്രധാനി. കളിക്കാരനായും ക്യാപ്‌റ്റനായും പരിശീലകനായും തിളങ്ങിയ അമ്പത്തിരണ്ടുകാരനെ പരിഗണിച്ചാൽ അത്ഭുതം വേണ്ട.

കൂടുതൽ 
താരങ്ങൾ 
പാരിസിൽ
ഇന്ത്യയുടെ കൂടുതൽ താരങ്ങൾ പാരിസിലെത്തി. ഇതുവരെ 49 പേരാണ്‌ ഒളിമ്പിക്‌സ്‌ ഗ്രാമത്തിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. അവരെല്ലാം അവിടെ പരിശീലനം തുടങ്ങി. ആകെ 117 പേരാണ്‌ ഇന്ത്യൻ സംഘം. അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ തുടങ്ങുന്നത്‌ ആഗസ്‌ത്‌ ഒന്നിനാണ്‌. നീരജ്‌ ചോപ്ര അടക്കമുള്ള താരങ്ങൾ 28ന്‌ എത്തും. തുർക്കി, പോളണ്ട്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലെ പരിശീലനത്തിനുശേഷമാണ്‌ ടീം എത്തുക. പുരുഷ ഹോക്കി ടീമിനുപുറമെ അമ്പെയ്‌ത്ത്‌, ടേബിൾ ടെന്നീസ്‌, ബാഡ്‌മിന്റൺ, ടെന്നീസ്‌, നീന്തൽ, ബോകിസിങ്, തുഴച്ചിൽ താരങ്ങളും വേദിയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home