ഇനി 4 ദിവസം: ഒളിമ്പിക്സിന് തയാറായി പാരിസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 12:40 AM | 0 min read

പാരിസ്‌ > ഒളിമ്പിക്‌സിന്‌ ഒരുങ്ങിയെന്ന്‌ പാരിസ്‌ പ്രഖ്യാപിച്ചു. 33–-ാമത്‌ ഗെയിംസിന്‌ പൂർണസജ്ജമാണെന്ന്‌ മുഖ്യചുമതലയുള്ള ടോണി എസ്‌റ്റാൺഗുട്ട്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലുദിവസമാണ്‌ ഇനി ബാക്കി. വെള്ളിയാഴ്‌ച ഇന്ത്യൻസമയം രാത്രി 11.30ന്‌ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ആഗസ്‌ത്‌ 11ന്‌ സമാപനം.

ഉദ്‌ഘാടനവേദിയായ സെൻ നദിയും പരിസരവും  കനത്ത സുരക്ഷയിലാണ്‌.  നദി പൂർണമായും ശുദ്ധമായെന്ന്‌ ഔദ്യോഗികമായി അറിയിച്ചു. നീന്തൽമത്സരങ്ങൾക്ക്‌ ഒരുതടസ്സവുമില്ല. ബോട്ടിൽ ഒഴുകിയെത്തുന്ന അത്‌ലീറ്റുകളാണ്‌ ഉദ്‌ഘാടനച്ചടങ്ങിന്റെ മുഖ്യ ആകർഷണം. ഏഴായിരത്തോളം അത്‌ലീറ്റുകൾ 85 ബോട്ടുകളിലായി ജലപരേഡ്‌ നടത്തും. ചരിത്രത്തിലാദ്യമായാണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ സ്‌റ്റേഡിയത്തിനുപുറത്ത്‌ നടത്തുന്നത്‌. താരങ്ങളുടെ നദിയിലെ പരേഡും ആദ്യം.

അഞ്ചുലക്ഷത്തോളം കാണികൾ നേരിട്ട്‌ ഉദ്‌ഘാടനത്തിന്‌ സാക്ഷിയാകുമെന്നാണ്‌ റിപ്പോർട്ട്‌. മൂന്നുലക്ഷം പേർ ടിക്കറ്റെടുത്ത്‌ കാണും. രണ്ടുലക്ഷത്തോളം പേർ  നദിക്കരയിലെ കെട്ടിടങ്ങളിൽ സ്ഥാനംപിടിക്കുമെന്നാണ്‌ കരുതുന്നത്‌. ടിക്കറ്റ്‌ നിരക്ക്‌ കൂടുതലാണെങ്കിലും 4000 ടിക്കറ്റുകളാണ്‌ ബാക്കിയുള്ളത്‌. പതിനായിരം മുതൽ രണ്ടരലക്ഷം രൂപവരെ ടിക്കറ്റ്‌ നിരക്കുണ്ട്‌. സുരക്ഷാക്രമീകരണങ്ങളിൽ നാട്ടുകാർ അസംതൃപ്‌തരാണ്‌. കനത്ത സുരക്ഷയ്‌ക്കെതിരെ പ്രദേശവാസികളും കച്ചവടക്കാരും രംഗത്തുവന്നു. 45,000 സുരക്ഷാഭടന്മാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home