സൗദി തൊഴില്‍ പരീക്ഷ 18 തസ്‌തികകളില്‍; വിസ സ്റ്റാമ്പ് ചെയ്യാന്‍ പരീക്ഷ നിര്‍ബന്ധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 31, 2023, 09:09 PM | 0 min read

മനാമ > സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്ധ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതി തസ്‌തികളിലാണ് വൈദഗ്ധ്യ പരീക്ഷ നടക്കുക. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹിയിലെ സൗദി എംബസി ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഓട്ടോമോട്ടീവ് ഇലകീട്രീഷ്യന്‍, വെല്‍ഡര്‍, അണ്ടര്‍വാട്ടര്‍ വെല്‍ഡര്‍, ഫളെയിം കട്ടര്‍, ഡ്രില്ലിംഗ് റിഗ് ഇലക്‌ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോമേഴ്‌സ് അസംബ്ലര്‍, ഇലക്ട്രിക്കല്‍ പാനല്‍ അസംബ്ലര്‍, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മെയിന്റനന്‍സ് വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കേബിള്‍ കണക്‌ടര്‍, ഇലക്ട്രിക്ക് പവര്‍ ലൈന്‍സ് വര്‍ക്കര്‍, ഇലക്‌ട്രോണിക്ക് സ്വിച്ച്‌ബോര്‍ഡ് അസംബ്ലര്‍, ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പൈപ്പ് ഫിറ്റര്‍, ബ്ലാക്ക്‌സ്‌മിത്ത്, കൂളിംഗ് എക്യുപ്‌മെന്റ് അസംബ്ലര്‍, മെക്കാനിക്ക് (ഹീലിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷന്‍) തുടങ്ങിയ തസ്‌തികകളിലാണ് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്. പരീക്ഷ നടത്തി അതിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം 2021 മാര്‍ച്ചില്‍ ആരംഭിച്ച സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണിത്. സൗദി വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ പ്രൊഫഷണലിസം മെച്ചപ്പെടുത്താനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും യോഗ്യതയില്ലാത്ത തൊഴിലാളികളുടെ വരവ് തടയാനും ഇത് ലക്ഷ്യമിടുന്നു. രാജ്യത്തുള്ള പ്രവാസി തൊഴിലാളികളുടെ വൈദഗ്ധ്യ പരിക്ഷ സൗദിയിലും പുതിയ അപേക്ഷകര്‍ക്ക് അവരുടെ രാജ്യത്തും എന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഘട്ടംഘട്ടമായി 23 തസ്തികളിലേക്ക് പരീക്ഷ നടത്താനാണ് പദ്ധതി.

കഴിഞ്ഞ ഡിസംബര്‍ അവസാന വാരമാണ് ഇന്ത്യയില്‍ പരീക്ഷക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ പൈലറ്റ് പ്രൊജക്ടായി ഡല്‍ഹിയിലും മുംബൈയിലുമാണ് പരീക്ഷ നടത്തുന്നത്. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍/എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന്‍ തുടങ്ങി അഞ്ച് തൊഴിലുകളാണ് ആദ്യഘട്ടത്തില്‍ നൈപുണ്യ പരിശോധന നടത്തിയിരുന്നത്. എഴുത്തുപരീക്ഷയും പ്രാക്‌ടിക്കലും അടങ്ങിയതാണ് തൊഴില്‍ നൈപുണ്യ പരീക്ഷ. കഴിഞ്ഞ സെപ്‌തംബറില്‍ പാക്കിസ്ഥാനിലും ഫെബ്രുവരിയില്‍ ബംഗ്ലാദേശിലും പദ്ധതി നടപ്പാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home