കുട്ടികളുടെ വായനോത്സവത്തിന് പരിസമാപ്‌തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 15, 2023, 02:09 PM | 0 min read

ഷാർജ > മെയ് 13ന് ആരംഭിച്ച് 12 ദിവസം നീണ്ടുനിന്ന ഷാർജ ചിൽഡ്രൻ റീഡിങ് ഫെസ്റ്റിവലിന് സമാപനം. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും, വായനയുടെ ലോകത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുമായി ഒട്ടേറെ പരിപാടികളാണ് ഫെസ്റ്റിവൽ അധികാരികൾ ഒരുക്കിയിരുന്നത്. വർക്ക് ഷോപ്പുകൾ, വിവിധ ആക്‌ടിവിറ്റികൾ, നാടക- കലാപ്രദർശനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ കൊണ്ട് ഫെസ്റ്റിവൽ വേദി സജീവമായിരുന്നു.

കുട്ടികളെ ആകർഷിച്ച പ്രധാന വർക്ക് ഷോപ്പുകളിൽ ഒന്നായിരുന്നു ഗ്രാൻഡ് പിക്‌സ്. കുട്ടികൾക്കായി ഒരുക്കിയ ഒലി മ്യൂസിയം വേറിട്ട മറ്റൊരു ആകർഷണമായിരുന്നു. മരം കൊണ്ടുണ്ടാക്കിയ കുഞ്ഞു വാഹനങ്ങൾ ഉപയോഗിച്ചുള്ള റൈസ് ആയിരുന്നു ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. പെയിന്റിംഗ് വർക് ഷോപ്പുകൾ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. സ്റ്റോറി ടെല്ലിങ് സെഷൻ കുട്ടികളെ ജീവിതത്തിന്റെ വൈവിധ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബൂഗിസ്റ്റോം പ്ലേ, ആൻഡ്രോയിഡ് പ്ലേ തുടങ്ങിയ ആക്‌ടിവിറ്റികളും മേളയിൽ ഒരുക്കിയിരുന്നു. "എലോൺ അറ്റ് ഹോം" എന്ന നാടകാവിഷ്‌കാരം കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പുതിയ പരീക്ഷണമായിരുന്നു. വർദ്ധിച്ച സ്വീകാര്യതയാണ് ഈ നാടകത്തിന് ലഭിച്ചത്. കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ സെമിനാറുകളും ഉത്സവ നഗരിയിൽ ഒരുക്കിയിരുന്നു.


വ്യത്യസ്‌ത മേഖലകളിൽ പ്രതിഭ തെളിയിച്ച 22 ഓളം പേരാണ് യുഎഇയിൽ നിന്ന് വിശിഷ്‌ടാതിഥികളായി മേളയിൽ എത്തിയത്. ഈജിപ്‌തിൽ നിന്ന് ആറു പേരും, ലെബനോണിൽ നിന്ന് നാലുപേരും, ജോർദാനിൽ നിന്ന് രണ്ട് പേരും, സിറിയയിൽ നിന്ന് മൂന്നുപേരും മേളയിലെ വിശിഷ്‌ടാഥിതികളായിരുന്നു. അറബ് ഫോറം ഫോർ ചിൽഡ്രൻസ് പബ്ലിഷേഴ്‌സ് ഇൻ ഷാർജ വൈസ് ചെയർമാനും കുവൈത്ത് വംശജനുമായ മുഹമ്മദ് ഷാക്കർ മഹമൂദ്, പലസ്‌തീൻ എഴുത്തുകാരി ഹംസ അഹമ്മദ് യൂനുസ്, ഇറാഖി ഇല്ലുസ്ട്രേറ്ററും കാർട്ടൂണിസ്റ്റും ഗ്രാഫിക് ഡിസൈനറുമായ അലി അൽ മന്ദലാവി, ലിബിയൻ സംവിധായക ആമിന റമദാൻ, ഒമാൻ എഴുത്തുകാരി ഡോക്‌ടർ ഫാത്തിമ, സുഡാൻ എഴുത്തുകാരി മോനാജാത്ത്, യമൻ എഴുത്തുകാരി അമൽ അൽ ഹമീദ്, സൗദി അറേബ്യൻ എഴുത്തുകാരൻ ഫറആജ് അൽ ദഫ്രി, ജാസ്മിൻ വർഗ്ഗ, ആനി ഓസ്വാൾഡ് അടക്കം യുഎസിൽ നിന്നും അഞ്ചുപേർ, പത്മശ്രീ പുരസ്‌കാര ജേതാവ് സുധാമൂർത്തി, എഴുത്തുകാരി യാമിനി മുത്തണ്ണ, റോയ്‌സ്റ്റൺ ആബേൽ, ബിജൽ വച്ച റാണി, എഴുത്തുകാരി ഖയറുന്നിസ എന്നിവർ അടങ്ങുന്ന ഇന്ത്യയിലെ പ്രമുഖർ, കാനഡയിൽ നിന്നുള്ള ഷാരോൺ ക്യാമറോൺ, റോസ് വെൽഫോർഡ് അടക്കം യുകെയിൽ നിന്നുള്ള അഞ്ചു പേർ, ജപ്പാനിൽ നിന്നുള്ള യോഷിക്കോ വത്തനബി, ഷാവ് കുസ്‌കി എന്നിവരും, മെക്‌സിക്കോ, നൈജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിപുലമായ പങ്കാളിത്തമാണ് വായനോത്സവത്തിൽ ഉണ്ടായത്. ഇന്ത്യ,ലെബനോൺ, പോർച്ചുഗൽ, ന്യൂസിലാൻഡ്, മൊറോക്കോ, യുഎഇ, ഫ്രാൻസ്, കൊറിയ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള പാചകവിദഗ്ധരെയും ലോകത്തെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ബാല വ്യക്തിത്വങ്ങളെയും കൊണ്ട് സമ്പന്നമായിരുന്നു ഷാർജ വായനോത്സവം.

"നിങ്ങളുടെ ബുദ്ധിയെ പരിശീലിപ്പിക്കുക" എന്ന മുദ്രാവാക്യമുയർത്തി മെയ് 3 മുതൽ ആരംഭിച്ച വായനോത്സവത്തിന് പരിസമാപ്‌തി കുറിക്കുമ്പോൾ വായനയുടെ തേജസ് പ്രസരിപ്പിക്കുവാൻ സംഘാടകർക്ക് കഴിഞ്ഞു എന്നാണ് വിലയിരുത്തേണ്ടത്. വായനയെ പ്രോത്സാഹിപ്പിക്കുവാനും അതിലേക്ക് കുരുന്നുകളെ ആകർഷിക്കുവാനും നൂതനമായ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ട് സാങ്കേതിക കാലഘട്ടത്തിലെ വായനയുടെ വെല്ലുവിളിയെ നേരിടുവാൻ കുട്ടികളെ പര്യാപ്‌തമാക്കുകയാണ് സംഘാടകർ ചെയ്‌തത്. സംസ്‌കാരം വളരേണ്ടത് സാഹിത്യവും വായനയും കൊണ്ടാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി അതിനുവേണ്ടിയുള്ള ഭരണപരമായ പിന്തുണയും പ്രോത്സാഹനവും നൽകുന്ന കാര്യത്തിൽ ഷാർജ ഭരണാധികാരി ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായി മാറി. വായനോത്സവം പരിസമാപ്‌തി കുറിക്കുമ്പോൾ വായനയും അറിവും വളർത്തിയെടുക്കുവാനുള്ള പുതുതലമുറയുടെ ശ്രമങ്ങളെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home