ഇന്‍ഡോ-ബഹ്‌റൈന്‍ നൃത്ത സംഗീതോത്സവം നാളെ മുതല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 04, 2023, 10:53 PM | 0 min read

മനാമ > ബഹ്‌റൈന്‍ കേരളീയ സമാജവും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്‍ഡോ-ബഹ്‌റൈന്‍ നൃത്ത സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും.

ആസാദ്കാ അമൃത് മഹോത്സവ്, സമാജം  75-ാം വര്‍ഷികം എന്നിവയുടെ ഭാഗമായി ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസിന്റെ സഹകരണത്തോടെയാണ് പരിപാടി.

വെള്ളി വൈകീട്ട് ആറിന് ഇന്ത്യന്‍ വിദേശ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ, ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എംഎ യൂസുഫലി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ്‌റ് പിവി രാധകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടനം ദിവസമായ വെള്ളിയാഴ്ച നടി ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും. തുടര്‍ന്നു്ള്ള ദിവസങ്ങളില്‍ ഉസ്താദ് റാഷിദ് ഖാന്‍, പങ്കജ് ഉദാസ്, അരുണ സായിറാം തുടങ്ങിയവരുടെ സംഗീത വിരുന്നിന് സമാജം വേദിയാകും.

ആറിന് ശനിയാഴ്ച സുധ രഘുനാഥന്‍ അവതരിപ്പിക്കുന്ന കര്‍ണാടിക് സംഗീത കച്ചേരി, 7 ന് ഹരീഷ് ശിവരാമകൃഷ്ണനും ടീമും അടങ്ങുന്ന അകം ബാന്‍ഡിന്റെ സംഗീത വിരുന്ന്, 8ന് ബഹ്‌റൈന്‍ ബാന്‍ഡായ രേവന്‍സ്  അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍, 9 ന് സൂര്യ ഗായത്രി അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 10 ന് ഉസ്താദ് റാഷിദ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി, 11 ന് പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസല്‍, സമാപന ദിവസമായ 12 ന് അരുണ സായിറാം അവതരിപ്പിക്കുന്ന കര്‍ണാടിക് സംഗീത കച്ചേരി എന്നിവ അരങ്ങേറും.

പ്രശാന്ത് ഗോവിന്ദ പുരമാണ് ഈ സംഗീതോത്സവത്തിനു ചുക്കാന്‍ പിടിക്കുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍.

സമാജം പ്രഥമ വിശ്വകലാരത്‌ന അവാര്‍ഡ് സൂര്യ കൃഷ്ണമൂര്‍ത്തിക്ക്

ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രഥമ വിശ്വകലാരത്‌ന അവാര്‍ഡ് സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമ്മാനിക്കും. ഇന്ത്യന്‍ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും ഇന്ത്യന്‍ കലകളുടെ പരിപാലകരായി സൂര്യ എന്ന പ്രസ്ഥാനം പേരില്‍ ആരംഭിക്കുകയും ചെയ്ത സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ ബഹുതല സ്പര്‍ശിയായ കലാ സേവനങ്ങളിലുള്ള ആദരവായാണ് അവാര്‍ഡ് സ്മ്മാനിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പറഞ്ഞു. പ്രശസ്ത നോവലിസ്റ്റ്  ശ്രീ ബെന്യാമിന്‍ ചെയര്‍മാനും ആര്‍ക്കിറ്റെക് ശങ്കര്‍, പി വി രാധാകൃഷ്ണ പിള്ള, വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.  

മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടും പ്രമുഖ ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിനോടൊപ്പം യുവശാസ്ത്രജ്ഞനായിരുന്ന നടരാജകൃഷ്ണമൂര്‍ത്തി എന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വികാസവും വളര്‍ച്ചയും ഇന്ത്യന്‍ ക്ലാസിക്, തനത് കലാ ശാഖകള്‍ക്ക് വിശാലമായ അന്തര്‍ദേശീയ വേദികളിലേക്കുള്ള പ്രയാണമായി മാറി. ഇന്ത്യന്‍ ക്ലാസിക്, ഫോക്‌ലോര്‍ സംഗീത ശാഖകള്‍ക്ക് ഇന്ത്യയിലും പുറത്തും വേദികള്‍ ഉറപ്പു വരുത്തി. ഇന്ന് ലോകത്ത് നാല്‍പ്പതോളം രാജ്യങ്ങളില്‍ സൂര്യയുടെ ചാപ്റ്റര്‍ പ്രവര്‍ത്തിച്ചുവരികയാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home