ജിസിസി രാജ്യങ്ങളിലെ ജനസംഖ്യ ആറ് കോടി കടന്നു; സ്ത്രീ– പുരുഷ അനുപാതം വലിയ വ്യത്യാസത്തിൽ

കുവൈത്ത് സിറ്റി : ജിസിസി രാജ്യങ്ങളിലെ ജനസംഖ്യ 2024 അവസാനത്തോടെ 6.12 കോടി കടന്നു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തിറക്കിയ കണക്കുകൾ പ്രകാരമാണ് പുതിയ വിവരങ്ങൾ. 2023ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 21 ലക്ഷം പേർ കൂടുതൽ ഇതിൽ ഉൾപ്പെടുന്നു. 3.6 ശതമാനം വർധന. കോവിഡ് മഹാമാരിക്കുശേഷം ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യയിൽ തുടർച്ചയായ വർധന രേഖപ്പെടുത്തുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2021 മുതൽ 2024 വരെയുള്ള മൂന്നു വർഷത്തിനിടെ ഗൾഫ് രാജ്യങ്ങളിലായി മൊത്തം 76 ലക്ഷം ആളുകളുടെ വർധനയാണ് ഉണ്ടായത്. നിലവിൽ ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം സൗദി അറേബ്യയാണ്. ഇപ്പോൾ ജിസിസി രാജ്യങ്ങളിലായി ആകെ 38.5 ലക്ഷം പുരുഷന്മാരും 22.7 ലക്ഷം സ്ത്രീകളുമുണ്ട്. ആകെ ജനസംഖ്യയിൽ 62.8 ശതമാനം പുരുഷന്മാരും 37.2 ശതമാനം സ്ത്രീകളുമാണ്. സ്ത്രീ–പുരുഷാനുപാതത്തിൽ ലോകത്തെ ഏറ്റവും വലിയ അന്തരങ്ങളിലൊന്ന് ഈ മേഖലയിൽ കാണപ്പെടുന്നു. ശരാശരി 100 സ്ത്രീകൾക്ക് 169 പുരുഷന്മാരാണ് ഇപ്പോൾ നിലവിലുള്ളത്. ആഗോള ലിംഗാനുപാതമായ 101:100 നെ അപേക്ഷിച്ച് ഗൾഫ് മേഖലയിൽ ഇത് വളരെ വർദ്ധിച്ചിരിക്കുന്നതായാണ് വിലയിരുത്തൽ.
ജിസിസി രാജ്യങ്ങളിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിൽ പുരുഷന്മാരുടെ പങ്ക് 84 ശതമാനമാണ്. ആഗോള തലത്തിൽ ഈ അനുപാതം 56 ശതമാനമായി നിലനിൽക്കുന്നുണ്ട്. ലോകജനസംഖ്യയിലെ 0.7 ശതമാനമാണ് ജിസിസി രാജ്യങ്ങളിൽ ജീവിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമാൻ ആസ്ഥാനമാക്കിയുള്ള ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് അംഗരാജ്യങ്ങളിലെ ഔദ്യോഗിക ഡാറ്റ ശേഖരണവും പ്രസിദ്ധീകരണവും നടത്തുന്നത്.









0 comments