സൈന്‍ ബഹ്‌റൈനുമായി സഹകരണം; നാലു ലക്ഷം ദിനാറിന്റെ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യന്‍ സ്‌കൂള്‍

മനാമ: സൈന്‍ ബഹ്‌റൈനുമായി സഹകരിച്ച് ഇന്ത്യന്‍ സ്‌കൂള്‍ ഇസാ ടൗണ്‍, റിഫ കാമ്പസുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം നാലു ലക്ഷം ദിനാര്‍ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറി, ലൈബ്രറി, ലബോറട്ടറി എന്നിവടങ്ങളില്‍ ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്മാര്‍ട്ട്‌ബോര്‍ഡുകളും സമഗ്രമായ സിസിടിവി നെറ്റ്‌വര്‍ക്കും സ്ഥാപിക്കുന്നതാണ് പദ്ധതി.
പദ്ധതിക്കായി സെയ്ന്‍ ബിസിനസ് ഏറ്റവും പുതിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി (ഐസിടി)യും, എക്‌സ്ട്രാലോ വോള്‍ട്ടേജ് (ഇഎല്‍വി) സൊല്യൂഷനുകളും ആവശ്യമായ സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളും ഉടന്‍ ലഭ്യമാക്കും. ഏകദേശം 12,000 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുന്ന സംരംഭത്തിന്റെ ഭാഗമായി ഇസ ടൗണ്‍ കാമ്പസിലെ 225 ക്ലാസ് മുറികളിലും റിഫ കാമ്പസിലെ 125 ക്ലാസ് മുറികളിലും പാനലുകള്‍ സ്ഥാപിക്കും. ഓരോ ക്ലാസ് മുറിയിലും യുഎച്ച്ഡി റെസല്യൂഷന്‍, ഡ്യുവല്‍ സിസ്റ്റം സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് 14.0, തടസ്സമില്ലാത്ത ഇടപെടലിനായി 40പോയിന്റ് ടച്ച് ശേഷിയുള്ള ഹൈകെവിഷന്‍ 86 ഇഞ്ച് 4കെ ഇന്ററാക്ടീവ് ഡിസ്‌പ്ലേ എന്നിവ ഉണ്ടായിരിക്കും. വിശാലമായ വ്യൂ ഫീല്‍ഡ്, സ്മാര്‍ട്ട് മോഷന്‍ ഡിറ്റക്ഷന്‍, ഡ്യുവല്‍ ലൈറ്റ് നൈറ്റ് വിഷന്‍, ശക്തമായ കാലാവസ്ഥ പ്രതിരോധശേഷിയുള്ള ഡിസൈന്‍ എന്നിവയുള്‍പ്പെടെ വിപുലമായ സവിശേഷതകളുള്ള ക്യാമറകളും ക്ലാസ് മുറികളില്‍ ഉണ്ടായിരിക്കും.
ഇതു സംബന്ധിച്ച കരാറില്‍ സെയ്ന്‍ ബഹ്‌റൈന്‍ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഓഫീസര്‍ ഷെയ്ഖ് അബ്ദുള്ള ഖാലിദ് അല്‍ഖലീഫയും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസും ഒപ്പുവെച്ചു.
സ്‌കൂളിന്റെ ഇരു കാമ്പസുകളിലെയും 350 ക്ലാസ് മുറികളില്‍ അത്യാധുനിക ഡിജിറ്റല്‍ സ്മാര്‍ട്ട്‌ബോര്‍ഡുകള്‍ സജ്ജീകരിച്ച് പഠന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കും. ഈ സംവേദനാത്മക പാനലുകള്‍ ചലനാത്മകവും ആകര്‍ഷകവുമായ പഠനാനുഭവങ്ങള്‍ നല്‍കാന്‍ സഹായിക്കും. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സ്‌കൂളിന്റെ ഒരു സുപ്രധാന ചുവടുവെപ്പാണ് സൈനുമായുള്ള ഈ പങ്കാളിത്തമെന്നു സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്‍ാനും ഭാവിയിലേക്ക് നമ്മുടെ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും സ്‌കൂള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണ്‍ 13 ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നു. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിശദീകരിക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ സാധിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സ്‌കൂള്‍ സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, പ്രോജക്ട്‌സ് ആന്‍ഡ് മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി എന്നിവരും സന്നിഹിതരായിരുന്നു.









0 comments