ഹൂതി ആക്രമണം; അമേരിക്കന്‍ വിമാന വാഹിനിയില്‍ നിന്നും പോര്‍ വിമാനം കടലില്‍ വീണു

അനസ് യാസിന്‍
Published on May 01, 2025, 03:54 PM | 2 min read
മനാമ: ഹൂതി മിസൈല്‍ ആക്രമണ ലക്ഷ്യത്തില്‍ നിന്ന് മാറാന്‍ ശ്രമിക്കുന്നതിനിടെ ഹാരി എസ് ട്രൂമാന്‍ വിമാന വാഹിനി കപ്പലില്‍ നിന്നും അമേരിക്കന്‍ പോര്‍ വിമാനം കടലില്‍ വീണു. എഫ്/എ-18ഇ സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനമാണ് തിങ്കളാഴ്ച ചെങ്കടലില്‍ നഷ്ടപ്പെട്ടതെന്ന് അമേരിക്കന്‍ നാവിക സേന പ്രസ്താവനയില്‍ പറഞ്ഞു.
ഹൂതികളുടെ ആക്രമണം ഒഴിവാക്കാന്‍ വിമാന വാഹിനി പെട്ടെന്ന് വെട്ടിച്ചതാണ് യുദ്ധവിമാനം കടലില്‍ വീഴാന്‍ കാരണമായതെന്ന് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രൂമാന് നേരെ തിങ്കളാഴ്ച ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതര്‍ പ്രസ്താവിച്ചിരുന്നു. മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ഹാംഗര്‍ ഡെക്കില്‍ നിന്ന് നാവികര്‍ ഹാംഗര്‍ ബേയിലേക്ക് ട്രാക്ടര്‍ ഉപയോഗിച്ച് വലിച്ച് കൊണ്ടുപോകുന്നതിനിടെ യുദ്ധവിമാനം തെന്നി കടലില്‍ വീഴുകയായിരുന്നുവെന്നാണ് നേവി വിശദീകരണം. ട്രാക്ടറിന് നിയന്ത്രണം നഷ്ടപ്പെടുകയും വിമാനവും ടൗ ട്രാക്ടറും കടലില്‍ പതിക്കുകയുമായിരുന്നുവെന്ന് നാവിക സേന പറയുന്നു.
വിമാനം കടലില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് തന്നെ വിമാനം വലിച്ചിരുന്ന നാവികര്‍ വഴിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഡെക്കിലെ എല്ലാ നാവികരെയും കണ്ടെത്തിയതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുടെ സ്‌ട്രൈക്ക് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ 136-ല്‍ ഉള്‍പ്പെടുന്ന ഈ പോര്‍ വിമാനത്തിന് ഏതാണ്ട് 60 മില്യണ്‍ ഡോളര്‍ (511 കോടി രൂപ) വിലവരും.
എഫ്-18 യുദ്ധവിമാനം കടലില്‍ വീഴ്ത്തിയത് യമന്‍ മിസൈലുകളും ഡ്രോണുകളുമാണെന്ന് അമേരിക്ക തന്നെ സ്ഥിരീകരിക്കുന്നതായി ഹൂതികളുടെ അല്‍ മാസിറ ടിവി പറഞ്ഞു. യമന്‍ മിസൈലുകളും ഡ്രോണുകളും തടയുന്നതിലും വിമാന വാഹിനിയെ സംരക്ഷിക്കുന്നതിലും അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങളുടെ പരാജയവും ഇത് എടുത്തുകാണിക്കുന്നതായി ടിവി അറിയിച്ചു.
യമനെതിരായ വ്യോമാക്രമണത്തിന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ചെങ്കടലിലുള്ള ട്രൂമാന്‍ വിമാനാവഹിനിയാണ്. ആക്രമണത്തിന് തിരിച്ചടിയായി ഹൂതി മിലിഷ്യ നിരവവധി തവണ വിമാന വാഹിനിയെയും അനുഗമിക്കുന്ന യുദ്ധ കപ്പലുകളെയും ആക്രമിച്ചു. ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കാള്‍ വിന്‍സണ്‍ എന്ന വിമാന വാഹിനി കൂടി ചെങ്കടലില്‍ വിന്യസിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായി. തിങ്കളാഴ്ച പുലര്‍ച്ചെ യമനിലെ സദയില്‍ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ട്രൂമാനെ ചെങ്കടലില്‍ നിന്ന് പലായനം ചെയ്യിക്കുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഏകദേശം 1,100 അടി നീളവും 1,00,000 ടണ്ണിലധികം ഭാരവുമുള്ള കപ്പലിന് മണിക്കൂറില്‍ 34 മൈലിലധികം വേഗത്തില്‍ സഞ്ചരിക്കാനാകും. മിസൈല്‍ ആക്രമണം ഒഴിവാക്കാന്‍ വിമാനവാഹിനി കപ്പലുകള്‍ വെട്ടി തിരിയുന്ന തന്ത്രമാണ് ഉപയോഗിക്കുക.
നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രൂമാന്റെ വിമാനം നഷ്ടപ്പെടുന്നത്.









0 comments