2026 കുടുംബ വർഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

ഷാർജ/ ദുബായ് : 2026 കുടുംബ വർഷമായി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കുടുംബം രാജ്യത്തിന്റെ ശക്തിയുടേയും സമൃദ്ധിയുടേയും അടിസ്ഥാന സ്തംഭമാണെന്ന് വിലയിരുത്തിയാണ് പ്രഖ്യാപനം. കുടുംബത്തിലൂടെയാണ് തലമുറകൾ വളർത്തപ്പെടുന്നത് എന്നും അതിലൂടെയാണ് സംസ്കാരവും മൂല്യങ്ങളും ദേശീയ സ്വത്വവും സംരക്ഷിക്കപ്പെടുന്നത് എന്നും എക്സ് പ്ലാറ്റ്ഫോമിൽ ഷെയ്ഖ് മുഹമ്മദ് കുറിച്ചു. യുഎഇയിലുടനീളമുള്ള പൗരന്മാരിലും താമസക്കാരിലും ശക്തവും യോജിച്ചതുമായ കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യം വെച്ചാണ് 2026 കുടുംബ വർഷമായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ചത്.
കുടുംബ വളർച്ചയുമായി ബന്ധപ്പെട്ട 20ലധികം ഫെഡറൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു ദേശീയ ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. നയങ്ങളും പരിപാടികളും, പെരുമാറ്റ ഇടപെടലുകൾ, പ്രത്യുൽപാദന ആരോഗ്യം എന്നീ അജണ്ടകളിലൂന്നിയാണ് സാക്ഷാത്കരിക്കുന്നതിനായി ശ്രമിക്കുന്നത്. കുടുംബ വളർച്ചയെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന നിലവിലെ നയങ്ങളും പരിപാടികളും അവലോകനം ചെയ്യുന്നതാണ് ആദ്യ അജണ്ട. രാജ്യത്തുടനീളമുള്ള എമിറാത്തി കുടുംബങ്ങളുമായുള്ള ആശയവിനിമയങ്ങളിലൂടെ കുടുംബവളർച്ചയുടെ സാമൂഹികവും പെരുമാറ്റപരവുമായ ഘടകങ്ങൾ മനസ്സിലാക്കലാണ് രണ്ടാമത്തെ അജണ്ട. നിലവിലുള്ള വെല്ലുവിളികളെ തിരിച്ചറിയുകയും അവ പരിഹരിക്കാനുള്ള വഴികൾ തേടുകയും ചെയ്യുകയാണ് മൂന്നാമത്തെ അജണ്ട.
കുടുംബ വളർച്ചയെ പിന്തുണയ്ക്കുന്ന ദേശീയ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും, എമിറാത്തി പാരമ്പര്യങ്ങളിലും ആചാരങ്ങളിലും അധിഷ്ഠിതമായ മൂല്യങ്ങൾ, ദേശീയ സ്വത്വം, ഉത്തരവാദിത്വം വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു.









0 comments