യുഎഇയിലെ യുവസംരംഭകർക്ക് പരിശീലനം; 30,000 തൊഴിൽ അവസരങ്ങൾ ലക്ഷ്യമിട്ട് ക്യാമ്പയിൻ

ദുബായ്: യുവസംരംഭകരെ വളർത്തി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ദേശീയ ക്യാമ്പയിന് തുടക്കമിട്ട് യുഎഇ ഉപപ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പതിനായിരം എമിറാത്തി സംരംഭകരെ വളർത്തി 2030 ഓടെ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് “ദി എമിറേറ്റ്‌സ്: ദ സ്റ്റാർട്ടപ്പ് ക്യാപിറ്റൽ ഓഫ് ദ വേൾഡ്” എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിന്റെ ലക്ഷ്യം. പദ്ധതിയുടെ ഏകോപനം സമ്പദ്‌വ്യവസ്ഥയും വിനോദസഞ്ചാര മന്ത്രാലയവും, യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസും, യുഎഇ എന്റർപ്രണർഷിപ്പ് കൗൺസിലും ചേർന്നാണ് നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ഏകീകൃത പരിശീലന പരിപാടി സംഘടിപ്പിക്കും. പൊതു-സ്വകാര്യ മേഖലയിലെ 50 സ്ഥാപനങ്ങൾ പങ്കാളികളാകും. സാമ്പത്തിക-സംരംഭക രംഗത്തെ 50 എമിറാത്തി കണ്ടന്റ് ക്രിയേറ്റർമാർക്ക് പരിശീലനം നൽകും. 500 പേർക്ക് പ്രോജക്ട് മാനേജ്മെന്റിൽ, പ്രത്യേകിച്ച് ഭവന നിർമാണ പദ്ധതികളിൽ വിദഗ്ധ പരിശീലനം നൽകും. 250 മുഴുവൻ സമയ എമിറാത്തി റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ആരംഭത്തിന് പിന്തുണ നൽകും. യുവ സംരംഭകരുടെയും ബിരുദധാരികളുടെയും ബിസിനസ് എക്സ്പോ സംഘടിപ്പിക്കും.
“രാജ്യത്ത് ഇപ്പോൾ 50 ബിസിനസ് ഇൻക്യൂബേറ്ററുകളുണ്ട്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ (SME) എണ്ണേതര ജിഡിപിയിലെ 63% സംഭാവന ചെയ്യുന്നുണ്ട്. കൂടുതൽ യുവാക്കളെ സ്വന്തം കമ്പനികൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.









0 comments