വ്യാജ വെബ്സൈറ്റ് നിർമാണം: രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ

മസ്‌കത്ത്: വ്യാജ വെബ്സൈറ്റ് നിർമിച്ചതിൽ ഒമാനിൽ ണ്ട് അറബ് പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പ്ലാറ്റ്‌ഫോം പോലെ തോന്നിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌ത വ്യാജ വെബ്‌സൈറ്റ് വഴി വഞ്ചന നടത്തുകയായിരുന്നു ഇരുവരും.
ബാങ്കിങ് വിശദാംശങ്ങൾ നൽകുന്നതിനായി ഇരകളെ കെണിയിലാക്കുകയും തുടർന്ന് പ്രതികൾ അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിടിച്ചെടുക്കുകയാണ് രീതിയെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) പറഞ്ഞു.
ഇതിനായി ഔദ്യോഗിക വെബ്സൈറ്റ് മാതൃകയിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയാണ് കസ്‌റ്റമറെ ആകർഷിക്കുന്നത്. പണം പിന്നീട് എക്സ്ചേഞ്ച് ഓഫീസുകൾ വഴിയും ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും കൈമാറ്റം ചെയ്യും.
പ്രതികൾക്കെതിരായ നിയമനടപടികൾ നടന്നുവരികയാണ്. വെബ്സൈറ്റുകളുടെ ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം റോയൽ ഒമാൻ പൊലിസ് ആവർത്തിച്ചു.
നിയമവിരുദ്ധമാകാൻ സാധ്യതയുള്ള ഫണ്ടുകൾ സ്വീകരിക്കാനോ കൈമാറാനോ ഉള്ള അഭ്യർഥനകളോട് പ്രതികരിക്കരുതെന്നും അലേർട്ടിൽ പൊലീസ് പറഞ്ഞു. സൈബർ തട്ടിപ്പുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകുന്നത് തുടരുകയും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.









0 comments