ഗതാഗതക്കുരുക്കും നിയമലംഘനവും; സ്‌കൂൾ തുറക്കുന്നതിന് മുമ്പേ മാർഗനിർദേശവുമായി ദുബായ് പൊലീസ്

PHOTO CREDIT: DUBAI RTA
ദുബായ്: രാജ്യത്തെ സ്‌കൂളുകൾ അടുത്ത ആഴ്ച തുറക്കാനിരിക്കെ ഗതാഗതക്കുരുക്കും നിയമലംഘനവും തടയാൻ ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്‌കൂൾ തുറന്ന ആദ്യ ദിവസങ്ങളിൽ വാഹനങ്ങൾ ഗണ്യമായി കൂടുന്നതിനാൽ രക്ഷിതാക്കൾ നേരത്തേ പുറപ്പെടണമെന്ന് പൊലിസ് നിർദേശിച്ചു. ഗതാഗതനിയമം ലംഘിച്ച് തിരക്ക് കൂട്ടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, കുട്ടികളെ കയറ്റാനും ഇറക്കാനും റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തുന്നത് അപകടകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
സ്‌കൂൾ പരിസരത്തെ റോഡുകളിൽ വേഗം കുറച്ച് വാഹനമോടിക്കണമെന്നും, സീബ്രാക്രോസുകളിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചു. സ്‌കൂൾ ബസുകൾക്ക് അനുവദിച്ച പാർക്കിംഗ് സോണുകളിൽ മാത്രമേ കുട്ടികളെ കയറ്റാനോ ഇറക്കാനോ പാടുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
ബസ് നിർത്തുമ്പോൾ സ്റ്റോപ്പ് അടയാളം നിർബന്ധമായും പ്രയോഗിക്കണം. ഇതിനെ അവഗണിച്ച് ബസിനെ മറികടക്കുന്നവർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കുട്ടികൾ സമയത്ത് തന്നെ ബസ് സ്റ്റോപ്പിൽ എത്തുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും പൊലീസ് ഓർമ്മിപ്പിച്ചു.









0 comments