കുവൈത്തിൽ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന പൗരന്മാരുടെ എണ്ണം കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ തൊഴിൽ തേടുന്ന പൗരന്മാരുടെ എണ്ണം കുത്തനെ ഉയരുന്നു. ജനുവരി മുതൽ നവംബർ പകുതിവരെ 6,200ലധികം സ്വദേശി പൗരന്മാരാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾക്ക് അപേക്ഷിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻവർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഈ കാലയളവിൽ തൊഴിൽ അന്വേഷകരായി രജിസ്റ്റർ ചെയ്തവരിൽ 37 ശതമാനം പേർ സ്വകാര്യ മേഖലയെയാണ് തിരഞ്ഞെടുക്കുന്നത്. അതേസമയം, സർക്കാർ മേഖലയിലെ അവസരങ്ങൾ തിരഞ്ഞെടുത്തത് 10,500ഓളം പേരാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,562 പേർ മാത്രമായിരുന്നു സ്വകാര്യ മേഖലയിൽ തൊഴിൽ തേടിയത്. ഇത്തവണ 1,600ത്തിലധികം അധിക അപേക്ഷകൾ ലഭിച്ചതോടെ, പൗരന്മാരുടെ തൊഴിൽ മുൻഗണനയിൽ വ്യക്തമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ വിലയിരുത്തുന്നു. പൊതുമേഖലയെ സുരക്ഷിതമായ തൊഴിൽ മേഖലയായി കണക്കാക്കിയിരുന്ന പഴയ രീതിയിൽ നിന്ന് മാറി, സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ സ്വദേശിവൽക്കരണ നയങ്ങളാണ് സ്വകാര്യ മേഖല പൗരന്മാരെ കൂടുതൽ ആകർഷിക്കുന്നത്.
അതേസമയം, ആറുമാസത്തിലധികമായി തൊഴിൽ തേടുന്ന, പെൻഷൻ ലഭിക്കാത്തതും യാതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം തുടരാത്തതുമായ സ്വദേശി പൗരന്മാരുടെ എണ്ണം 29,000-ഓളം എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തിന് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും പൗരന്മാരുടെ സ്വകാര്യ മേഖലാ പ്രവേശനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്നാണ്.
രാജ്യത്തിന്റെ ദീർഘകാല വികസനദർശനത്തിന്റെ ഭാഗമായ ‘ന്യൂ കുവൈത്ത് 2035’ പദ്ധതികൾ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും പൗരന്മാർക്ക് കൂടുതലായ പങ്കാളിത്തം നൽകുകയും ചെയ്യുകയാണ്. ഇതിനാൽ പ്രവാസികൾക്ക് പരമ്പരാഗതമായി ലഭിച്ചിരുന്ന മേഖലകളിൽ പുനർനിർമാണം വരാനിടയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഈ തൊഴിൽ മാറ്റങ്ങൾ പ്രവാസികൾക്കുള്ള അവസരങ്ങളിലും പ്രവർത്തനമേഖലകളിലും പുതുവിന്യാസങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.









0 comments