ഈദ് അൽ ഇത്തിഹാദ് : യുഎഇയിൽ നാല് ദിവസം അവധി

ദുബായ് : യുഎഇ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്ത് പൊതു- സ്വകാര്യമേഖലയിൽ ഒരേ അവധി മാതൃക കൊണ്ടുവരുന്ന ഏകീകൃത നയത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
ഡിസംബർ 1, 2 പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് യുഎഇ സർക്കാർ അറിയിച്ചു. ഡിസംബർ 3 ബുധനാഴ്ച മുതൽ മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും സാധാരണ പ്രവൃത്തിസമയത്തിലേക്ക് മടങ്ങും. ശനിയും ഞായറും കൂടിയപ്പോൾ നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന മന്ത്രിസഭാ ഉത്തരവുപ്രകാരം, ചില പൊതു അവധികൾ വാരത്തിന്റെ ആദ്യം അല്ലെങ്കിൽ അവസാനം മാറ്റി നിശ്ചയിക്കാൻ സാധിക്കും. മുമ്പ് പ്രഖ്യാപിച്ചിരുന്ന ഡിസംബർ 2, 3 തിയതികൾക്കുപകരം ഇത്തവണ അവധി ഡിസംബർ 1, 2 തീയതികളാക്കിയാണ് മാറ്റിയത്. ഈ വ്യവസ്ഥ ഈദ് അവധികൾക്ക് ബാധകമല്ല; കൂടാതെ മന്ത്രിസഭാ തീരുമാനമുണ്ടായാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരികയുള്ളു.
ഈദ് അൽ ഇത്തിഹാദ് രാജ്യത്തിന്റെ ദേശീയ ദിനാഘോഷമാണ്. ദുബായിൽ ഗായിക ബൽഖീസിന്റെ ഫെസ്റ്റിവൽ ബേയിലെ ലൈവ് കോൺസർട്ടും, കോമഡി ഷോകളും, നാടകാവതരണങ്ങളും, കായിക മത്സരങ്ങളും, വെടിക്കെട്ട് പ്രകടനങ്ങളും രാജ്യവാസികൾക്ക് ആസ്വദിക്കാം.









0 comments