34,000ത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: 2025ൽ ഇതുവരെ 34,143 പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. ജനുവരി 1 മുതൽ നവംബർ 10 വരെ നടത്തിയ വ്യാപക പരിശോധനകളും കർശന നിരീക്ഷണങ്ങൾക്കും പിന്നാലെയാണ് പുറത്താക്കൽ. റസിഡൻസി നിയമലംഘനം, അനധികൃതമായി തൊഴിൽ ഏറ്റെടുക്കൽ, ക്രിമിനൽ സ്വഭാവക്കുറ്റങ്ങൾ, പൊതുസമാധാന ലംഘനങ്ങൾ തുടങ്ങിയ നിരവധി കുറ്റങ്ങൾ റിപ്പോർട്ട് ചെയ്തവരാണ് പ്രധാനമായും നടപടിക്ക് വിധേയരായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് നാടുകടത്തപ്പെട്ടത്.
അധികൃതർ വ്യക്തമാക്കുന്നത് പ്രകാരം രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുകയും പൊതു സുരക്ഷയെ ബാധിക്കുന്ന സാഹചര്യങ്ങൾ തടയുകയും ചെയ്യുക എന്നതാണ് നടപടികളുടെ മുഖ്യ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ മേഖലകളിൽ 24 മണിക്കൂറും നിരീക്ഷണം നടത്തി വരുന്ന മൊബൈൽ പട്രോളുകളും പ്രത്യേക സുരക്ഷാ സംഘങ്ങളും ശക്തമായി പ്രവർത്തിക്കുന്നു. വിസാ കാലാവധി അവസാനിച്ചിട്ടും തുടരുന്നവർ, അനുമതിയില്ലാതെ ജോലി ചെയ്യുന്നവർ, നിയമവിരുദ്ധ ഇടപാടുകളിൽപ്പെട്ടവർ തുടങ്ങി ദിനംപ്രതി നിരവധി പേരെയാണ് സുരക്ഷാസംഘങ്ങൾ പിടികൂടുന്നത്.
മുമ്പത്തെ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നാടുകടത്തൽ നടപടികളുടെ വേഗതയും കർശനതയും ഈ വർഷം ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. തൊഴിലുടമകൾക്കും സ്പോൺസർമാർക്കും മന്ത്രാലയം പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിസാ ക്രമക്കേടുകൾ, അനധികൃത തൊഴിൽ, രേഖാപ്രശ്നങ്ങൾ എന്നിവയിലേതെങ്കിലും കണ്ടെത്തുന്നുവെങ്കിൽ, തൊഴിലാളികൾക്കൊപ്പം സ്ഥാപനങ്ങൾക്കും കഠിനമായ നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments