"പാളയം പ്രദീപ് ആരെന്ന് ചോദിച്ചു, നീ ആരെടാ എന്ന് ആക്രോശിച്ച് എംഎൽഎ മുഖത്തടിച്ചു"

രമ്യ ഹരിദാസ് (ഇടത്), എംഎൽഎയും സംഘവും കോൺഗ്രസ് നേതാക്കളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളിൽനിന്ന് (വലത്)
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കളെ എംഎൽഎ രമ്യ ഹരിദാസും സംഘവും വീട്ടിൽ കയറി മർദിച്ചതിൽ കൂടുതൽ വെളിപ്പെടുത്തൽ. എംഎൽഎയുടെ സന്തത സഹചാരിയായ കോഴിക്കോട് സ്വദേശി പാളയം പ്രദീപ് ചിറയിൽകീഴ് മണ്ഡലത്തിൽ അനാവശ്യമായി ഇടപെടുന്നത് ചോദ്യം ചെയ്തതിനാണ് തങ്ങളെ മർദിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ പുളിമൂടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും അടങ്ങുന്ന സംഘം പ്രദേശത്തെ നേതാക്കളെ ആക്രമിച്ചത്. പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചയുടനെ "നീ ആരെടാ" എന്ന് ആക്രോശിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെ മുഖത്തടിക്കുകയായിരുന്നു.
എംഎൽഎയും പാളയം പ്രദീപും തന്റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കുകയും ചെയ്തു. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. ഇതിനിടെയാണ് സജിത്തിന് മർദനമേറ്റത്. വീട്ടുപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.
മണ്ഡലത്തിൽപോലും ഇല്ലാത്ത പാളയം പ്രദീപ് മണ്ഡലംകമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ ഇടപെടുന്നത് സംബന്ധിച്ച് പരാതികളുണ്ടായിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യംചെയ്തു. വെള്ളി നാല് മണിക്കാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. രാത്രി ഒൻപതിന് എംഎൽഎയും സംഘവും വീട്ടിലെത്തി അതിക്രമം നടത്തി.
കോൺഗ്രസ് നേതാക്കളുടെ തമ്മിൽത്തല്ലിൽ കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എസ്‍സി/എസ്‍ടി വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി.









0 comments