ബൊളീവിയയിൽ സൈനിക താവളത്തിൽ സ്ഫോടനം; പത്തിലധികം മരണം, 58 പേർക്ക് പരിക്ക്

ബൊളീവിയയിൽ സൈനിക താവളത്തിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാ പ്രവർത്തകർ | South China Morning Post
ലാ പാസ് : ബൊളീവിയൻ നഗരമായ വിയാച്ചയിൽ ഒരു സൈനിക താവളത്തിലുണ്ടായ സ്ഫോടനത്തിൽ 10ലധികം പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ബൊളീവിയൻ പ്രതിരോധ മന്ത്രി ഏണസ്റ്റോ ജസ്റ്റിനിയാനോ പറഞ്ഞു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30യോടെയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരിൽ 52 പേർ സാധാരണ പൗരന്മാരും ബാക്കിയുള്ളവർ സൈനികരാണെന്നും ജസ്റ്റിനിയാനോ കൂട്ടിച്ചേർത്തു.
സ്ഫോടനത്തെത്തുടർന്ന് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രതിരോധ താവളത്തിൽ നിന്ന് ഉയരുന്ന കട്ടിയുള്ള കറുത്ത പുകയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. സ്ഫോടനത്തിന്റെ കാരണമറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഇപ്പോഴും താപസ്രോതസ്സ് നിലനിൽക്കുന്നതിനാൽ വീണ്ടുമൊരു സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകിയതായി നെബ്രാസ്ക അറിയിച്ചു. കുറഞ്ഞത് 150 മീറ്റർ അകലെയെങ്കിലും മാറി താമസിക്കാൻ പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. ബൊളീവിയയുടെ ഭരണ തലസ്ഥാനമായ ലാ പാസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് വിയാച്ച സ്ഥിതി ചെയ്യുന്നത്. ഏകദേശം 1,00,000 പേർ ഇവിടെ താമസിക്കുന്നുണ്ട്.








0 comments