വീണ്ടും വിർച്വൽ അറസ്റ്റ്; പയ്യോളി സ്വദേശിക്ക് നഷ്ടമായത് ഒന്നരക്കോടി

കോഴിക്കോട്: കോഴിക്കോട് വിർച്വൽ അറസ്റ്റിലൂടെ വയോധികനിൽ നിന്നും ഒരു കോടി 51 ലക്ഷം തട്ടിയെടുത്തതായി പരാതി. പയ്യോളി സ്വദേശിയായ വയോധികനിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. വയോധികന് നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ഇഡി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരൻ വയോധികനെ സമീപിച്ചത്. വയോധികന് പിഎഫ്ഐ ബന്ധമുണ്ടെന്ന് മനസിലായെന്നും, ബാങ്ക് ഐഡി പ്രൂഫ് അയച്ച് നൽകണമെന്നും തട്ടിപ്പുകാർ അവശ്യപ്പെട്ടു. തുടർന്ന് അക്കൗണ്ടിലുള്ള പണം കണക്കിൽപ്പെട്ടതാണെന്ന് തെളിയിക്കാൻ മുഴുവൻ തുകയും അയച്ച് നൽകണമെന്നും ആവശ്യപ്പെട്ടു.
പണം അയച്ചതിന് ശേഷം പ്രതികരണമില്ലാതായതോടെയാണ് തട്ടിപ്പാണെന്ന് വയോധികൻ തിരിച്ചറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംബർ ക്രൈം വിഭാഗം നിലവിൽ കേസ് അന്വേഷിച്ച് വരികയാണ്.
പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങി നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അന്വേഷണ ഏജൻസികൾ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ സൈബർ പൊലീസിനെ വിവരം അറിയിക്കണം.
ഇത്തരം ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ കാൾ വിച്ഛേദിച്ചശേഷം 1930 എന്ന ഫോൺ നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണം. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പിനെ നേരിടാൻ നമുക്ക് കഴിയൂ.










0 comments