തിരുവനന്തപുരം വിമാനത്താവളം
അഗ്നിസുരക്ഷയ്‌ക്ക് അത്യാധുനിക സംവിധാനം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘടിപ്പിച്ച അത്യാധുനിക സംവിധാനങ്ങളുള്ള അഗ്‌നിശമന വാഹനത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്
തിരുവനന്തപുരം
അഗ്നിസുരക്ഷയ്‌ക്ക് അത്യാധുനിക സൗകര്യങ്ങൾ സജ്ജമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം. കേരളത്തിൽ ആദ്യമായി ഹൈ റീച്ച് എക്‌സ്‌റ്റെൻഡബിൾ ടററ്റ് (എച്ച്ആർഇടി) സജ്ജീകരിച്ച അപകടങ്ങളിൽ തീയണയ്‌ക്കുന്നതിനുള്ള വാഹനസംവിധാനം (റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ) ഇവിടെ സേവനസജ്ജം. എച്ച്ആർഇടി സംവിധാനത്തിന് വിമാനത്തിന്റെ പുറംഭാഗം തുളച്ച് യാത്രക്കാരുടെ ക്യാബിനിലേക്കോ കാർഗോ വിഭാഗത്തിലേക്കോ നേരിട്ട് വെള്ളം, ഫോം തുടങ്ങിയ അഗ്നിശമന വസ്തുക്കൾ എത്തിക്കാനാകും. 12 കോടിയലധികം രൂപയാണ് വാഹനത്തിന്റെ വില. വാഹനത്തിലെ തെർമൽ ഇമേജിങ് കാമറ യാത്രക്കാരുടെ ക്യാബിൻ, കാർഗോ വിഭാഗം തുടങ്ങിയ അടച്ചിട്ട ഭാഗങ്ങളിലെ തീയും ചൂടേറിയ ഭാഗങ്ങളും കണ്ടെത്തും. പുറത്തുനിന്ന് കാണാനാകാത്ത തീപിടിത്തങ്ങൾപോലും ഇതുവഴി വേഗത്തിൽ കണ്ടെത്താം. 16.5 മീറ്റർ വരെ എച്ച്ആർഇടി ഉയർത്താനും 85 മീറ്റർവരെ വെള്ളം ചീറ്റാനും കഴിയുന്ന സംവിധാനമാണിത്. വാഹനം സഞ്ചരിക്കുന്നതിനിടയിലും ടററ്റുകൾ പ്രവർത്തിപ്പിച്ച് തീ അണയ്ക്കാനാകും. 11,300 ലിറ്റർ വെള്ളം, 1300 ലിറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കൽ പൗഡർ (ഡിസിപി) എന്നിവ വഹിക്കും. 30 സെക്കൻഡിൽ താഴെ സമയത്തിൽ 80 കി. മീറ്റർ വേഗത കൈവരിക്കാനും പരമാവധി 120 കി. മീറ്റർ വേഗത്തിൽ സഞ്ചരിക്കാനും കഴിയും.









0 comments