ad
Deshabhimani

‘മികച്ചത് അർഹിക്കുന്നുവെന്ന് വിശ്വസിക്കുന്നത് കുറ്റമല്ല’; സിജെപി മാർച്ചിൽ ഹനുമാൻകൈൻഡും

hanumankind cjp
വെബ് ഡെസ്ക്

Published on Jul 21, 2026, 06:38 PM | 2 min read

ന്യൂഡൽഹി: സിജെപിയുടെ ‘ചലോ സൻസദ്’ മാർച്ചിൽ വിദ്യാർഥികൾക്കൊപ്പം പങ്കെടുത്ത് റാപ്പർ ഹനുമാൻകൈൻഡ്. പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ച പൊലീസ് നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.


ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സിയും മുഖാവരണവും ധരിച്ച് പ്രതിഷേധക്കാർക്കൊപ്പം ഹനുമാൻകൈൻഡ് നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന സമരക്കാരുടെ ദൃശ്യങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.


പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തികൊണ്ട് മർദിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് അദ്ദേഹം കുറിച്ചു. ജനങ്ങൾക്കെതിരെ ഇത്തരത്തിൽ ബലം പ്രയോഗിച്ചതിന് ഒരു ന്യായീകരണവുമില്ലെന്നും മെച്ചപ്പെട്ടൊരു സംവിധാനം അർഹിക്കുന്നുവെന്ന് വിശ്വസിക്കുന്നത് കുറ്റമല്ലെന്നും ഹനുമാൻകൈൻഡ് പറഞ്ഞു.


“രണ്ട് വ്യത്യസ്ത പ്രതിഷേധങ്ങളാണ് ഞാൻ കണ്ടത്. ഒന്ന് ജനങ്ങൾ സൃഷ്ടിച്ചത്; മറ്റൊന്ന് അതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണം സൃഷ്ടിച്ചത്” എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു.


ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവരും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.


സമാധാനപരമായ പ്രതിഷേധത്തെ ബലംപ്രയോഗിച്ച് നേരിട്ടതിനെ വിമർശിച്ച് നടൻ ടൊവിനോ തോമസും രംഗത്തെത്തി. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചോ അക്രമത്തിന് മുതിർന്നോ എന്ന് ചോദിച്ച ടൊവിനോ, ഇത്തരമൊരു നടപടിക്ക് അവർ എന്താണ് ചെയ്തതെന്നും ചോദിച്ചു.


രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അടിച്ചമർത്തുന്നത് ആ ഭാവിയെ തന്നെയാണ് ചവിട്ടിത്താഴ്ത്തുന്നതെന്ന് ടൊവിനോ പറഞ്ഞു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ലെന്നും അതിന്റെ അടിസ്ഥാനങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയം മനുഷ്യത്വവും വിശ്വാസം സമാധാനവുമാണെന്നും ടൊവിനോ കുറിച്ചു.


സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യരാജ്യം പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന് വിസ്മയ മോഹൻലാൽ ചോദിച്ചു. കണ്ണീർവാതകം, ലാത്തിച്ചാർജ്, പരിക്കേറ്റ വിദ്യാർഥികൾ, അടച്ചിട്ട റോഡുകളും മെട്രോ സ്റ്റേഷനുകളും, ബാരിക്കേഡുകളും ഇന്റർനെറ്റ് നിയന്ത്രണവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.


സമരക്കാരുടെ നിലപാടിനോടോ ആവശ്യങ്ങളോടോ സംഘടനകളോടോ യോജിക്കണമെന്നില്ല. എന്നാൽ ചർച്ചയ്ക്ക് പകരം അടിച്ചമർത്തലാണ് ശബ്ദമുയർത്തുന്ന പൗരന്മാർക്ക് ലഭിക്കുന്നതെങ്കിൽ രാജ്യം ഏത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്ന് വിസ്മയ പറഞ്ഞു. നാളെ കേൾക്കണമെന്ന് ആവശ്യപ്പെടുന്നത് നിങ്ങളോ നിങ്ങളുടെ കുടുംബമോ ആകാമെന്നും അവർ ഓർമിപ്പിച്ചു.


രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ ഡൽഹിയിലെ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തു. ജന്തർ മന്തറിലേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചതായും ബാരിക്കേഡുകൾ മറികടന്നവരെ ലാത്തിയും കണ്ണീർവാതകവും ഉപയോഗിച്ച് നേരിട്ടതായും രഞ്ജിനി പറഞ്ഞു. തനിക്കും ലാത്തിച്ചാർജ് കിട്ടേണ്ട സാഹചര്യമുണ്ടായെന്നും പരിക്കേറ്റ വിദ്യാർഥികൾക്ക് വെള്ളം നൽകാൻപോലും കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.


സമരവേദിയിൽനിന്ന് വെള്ളം വാങ്ങാൻ പുറത്തുപോയാൽ തിരികെ പ്രവേശിപ്പിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെന്ന് സിജ റോസ് പറഞ്ഞു. ഏറെ പ്രയാസപ്പെട്ട് എത്തിച്ച വെള്ളം നിമിഷങ്ങൾക്കകം തീർന്നുപോയതായും അവർ അറിയിച്ചു.


വിദ്യാർഥികളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ചോരയൊലിക്കുന്നവരെ കാണേണ്ടിവന്നതും മാനസികമായി തകർത്തുവെന്ന് നോയ്‌ല ഫ്രാൻസി പറഞ്ഞു. താൻ സുരക്ഷിതയാണെങ്കിലും സംഭവങ്ങൾ നേരിൽ കണ്ടതിന്റെ ആഘാതത്തിലാണ്. ഒരു ജനാധിപത്യരാജ്യം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നും അവർ പ്രതികരിച്ചു.


ദിൽജിത് ദോസാഞ്ജ്, വിർ ദാസ്, അനുരാഗ് കശ്യപ്, റിതേഷ് ദേശ്മുഖ്, ജെനീലിയ ദേശ്മുഖ്, ഹുമ ഖുറേഷി, ഷബാന ആസ്മി, പ്രകാശ് രാജ് തുടങ്ങിയവരും വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കണമെന്നും പൊലീസ് അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home