print edition കരിപ്പൂരിലെ സ്വർണക്കടത്ത്: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കസ്‌റ്റംസ് നോട്ടീസിന് സ്റ്റേ

കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണക്കടത്ത് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കസ്റ്റംസ് നൽകിയ കാരണംകാണിക്കൽ നോട്ടീസുകൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. കരിപ്പൂർ എസ്എച്ച്ഒ ആയിരുന്ന ടി എസ് ബിനു സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ നടപടി. കസ്റ്റംസിന്റെ വിശദീകരണം തേടിയ കോടതി, കേന്ദ്രസർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കുമടക്കം നോട്ടീസ് അയക്കാനും നിർദേശിച്ചു.
കസ്റ്റംസിന്റെ അധീനതയിലുള്ള വിമാനത്താവള പരിസരത്തുനിന്ന് സ്വർണം പിടികൂടിയതിന് പിഴ ഈടാക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് പൊലീസിന് ലഭിച്ച നോട്ടീസിലെ നിർദേശം. കസ്റ്റംസ് ആക്ട് പ്രകാരമാണ് നോട്ടീസ്. എന്നാൽ, വിമാനത്താവളത്തിന് പുറത്ത് സ്വർണം എത്തിയാൽ പിടികൂടാൻ പൊലീസിന് അധികാരമുണ്ടെന്നും നിയമപരമായ ചുമതല നിർവഹിച്ച തങ്ങൾക്കെതിരെ പ്രതികാരബുദ്ധിയോടെ നടപടി എടുക്കുകയായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തെത്തുന്ന യാത്രക്കാരിൽനിന്നാണ് പൊലീസ് സ്വർണം പിടികൂടിയിരുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പാർക്കിങ് ഏരിയയിലും മറ്റും നടന്ന സ്വർണവേട്ടയാണ് വകുപ്പുകൾ തമ്മിലുള്ള നിയമപോരാട്ടത്തിന് വഴിവച്ചത്. നാലു സംഭവങ്ങളിലായി ആകെ 2886.6 ഗ്രാം സ്വർണം പിടിച്ചെടുത്ത് ഹാജരാക്കിയിരുന്നു.
മിശ്രിതരൂപത്തിലുള്ള സ്വർണം കോടതികൾ നേരിട്ട് സ്വീകരിക്കാത്തതിനാൽ, അംഗീകൃത സ്വർണപ്പണിക്കാരെക്കൊണ്ട് ശുദ്ധീകരിച്ചശേഷമാണ് കോടതിയിൽ ഹാജരാക്കിയിരുന്നത്. ഈ നടപടിക്രമം മുന്പും കസ്റ്റംസ് അംഗീകരിച്ചിട്ടുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് സെപ്തംബർ 22ന് വീണ്ടും പരിഗണിക്കും.










0 comments