print edition പത്താം ദിനവും ഇറാനിൽ യുഎസ് ആക്രമണം

തെഹ്‌റാൻ/വാഷിങ്‌ടൺ: തുടർച്ചയായ പത്താം രാത്രിയും അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ, കുവൈത്തിൽ വ്യാപക പ്രത്യാക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ശുദ്ധജല ഉൽപ്പാദന കേന്ദ്രത്തിലും ഊർജ നിലയങ്ങളിലും തീപിടിത്തമുണ്ടായി. കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെയും ജോർദാനിലെയും ചില മേഖലകളിലും ഇറാൻ മിസൈൽ വർഷിച്ചു. യമനിലെ ഹൂതിവിമതസേന സൗദി അറേബ്യയ്‌ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹോർമുസിലെ കപ്പലുകൾ ആക്രമിച്ചതിന്റെ ഉത്തരവാദിത്വം ഇറാനിലെ റവല്യൂഷണറി ഗാർഡ് കോർ ഏറ്റെടുത്തു. അതേസമയം, ജോർദനിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് യുഎസ് സൈനികരെ തിരിച്ചറിഞ്ഞു. ഒരാളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെടുന്ന ഓരോ അമേരിക്കാരനും പകരമായി പതിൻമടങ്ങ് പ്രത്യാഘാതം ഇറാൻ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിമുഴക്കി.
സമാധാനശ്രമം ഉർജിതം
സമാധാന ചർച്ചകൾക്കുള്ള ശ്രമവും ഉൗർജിതമായി. ഇറാന്റെ ആഭ്യന്തര മന്ത്രി എസ്‌കാന്ദൻ മൊമേനി നയതന്ത്ര ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് തിരിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് വിവരം. ഇറാനുമായി കൂടിക്കാഴ്ച നടത്താനും ചർച്ചകൾ ചെയ്യാനും താൻ "ആഗ്രഹിക്കുന്നുവെന്ന്" ട്രംപ് പറഞ്ഞു.









0 comments