വി എസ്സിന്റെ ഓർമയിൽ പോരാളികളുടെ സംഗമം

മഞ്ചേശ്വരം വി എസ് അച്യുതാനന്ദന്റെ വിപ്ലവസ്മരണ പുതുക്കി മഞ്ചേശ്വരത്ത് ആദ്യകാല കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ പഴയകാല പോരാളികളുടെ സംഗമം. സിപിഐ എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൈഗോളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസ്ഥാനം പടുത്തുയർത്താൻ ജീവിതം സമർപ്പിച്ച 40 മുതിർന്ന പോരാളികളെ ആദരിച്ചു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ കാലത്ത് പാർടിയെ നെഞ്ചിലേറ്റിയ പഴയകാല പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് വികാരനിർഭരമായി. മഞ്ചേശ്വരം പ്രദേശത്ത് പാർടി കെട്ടിപ്പടുക്കുന്നതിലും കർഷക-തൊഴിലാളി പോരാട്ടങ്ങൾക്ക് ദിശാബോധം നൽകുന്നതിലും നിർണായക പങ്കുവഹിച്ചവരാണ് സംഗമത്തിൽ അണിനിരന്നത്. എ കെ ജിയുടെ നേതൃത്വത്തിൽ കാൽനടയായി സഞ്ചരിച്ച് സംഘടനയുണ്ടാക്കിയ ത്യാഗനിർഭരമായ കാലം മുതിർന്ന നേതാക്കൾ ഓർത്തെടുത്തു. മുമ്പ‍് വോർക്കാടിയിൽ വി എസ് അച്യുതാനന്ദൻ എത്തിയപ്പോൾ വഴികാട്ടിയായി കൂടെനിന്ന നിമിഷങ്ങൾ പങ്കുവച്ചപ്പോൾ സദസ്സിൽ ഓർമകളുടെ വികാരം അലതല്ലി. പഴയകാല പാർടി പ്രവർത്തനങ്ങളും ജീവിതാനുഭവങ്ങളും പങ്കുവച്ച മുതിർന്ന പോരാളികൾ, പോരാട്ടവീര്യം ചോരാതെ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനുള്ള ആഹ്വാനവും നൽകി. സംഗമം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സിജി മാത്യു അധ്യക്ഷനായി. പഴയകാല നേതാക്കളായ നാരായണ ഷെട്ടി, ശ്രീനിവാസ ഭണ്ടാരി, യു എസ് മുഹമ്മദ്, ബാബു ബേക്കൂർ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ വിനയകുമാർ ബായാർ, മോഹനൻ കോഡ്‌ല മൊഗർ, ഡി ബൂബ, ഭാരതി എന്നിവർ സംസാരിച്ചു. കെ ആർ ജയാനന്ദ സ്വാഗതം പറഞ്ഞു.









0 comments