കേന്ദ്രത്തിനെതിരെ യുഡിഎഫ് മിണ്ടാത്തത് വോട്ട് വാങ്ങിയതിനാൽ: എ വിജയരാഘവൻ

കണ്ണൂർ കേന്ദ്ര സർക്കാരിനെയും അവരെ നിയന്ത്രിക്കുന്ന ആർഎസ്‌എസ് അജൻഡകളെയും കേരളത്തിലെ യുഡിഎഫ് സർക്കാർ വിമർശിക്കാത്തത് ബിജെപിയുടെ വോട്ടുവാങ്ങി അധികാരക്കസേരയിൽ എത്തിയതുകൊണ്ടാണന്ന് സിപിഎ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ബിജെപി പറയുന്നത് അക്ഷരം പ്രതി നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലേത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും വഖഫ് ബോർഡ് വിവാദത്തിലും ഉൾപ്പെടെ അതാണ് കാണുന്നത്. വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവർണർക്കും കേന്ദ്രത്തിനുമെതിരെ ഇടതുപക്ഷം എത്രയധികം സമരം നടത്തി. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായി ഒരക്ഷരമില്ല. സംസ്ഥാന സർക്കാരിനെ മറികടന്ന് ആർഎസ്‌എസ് നോമിനികളെ വൈസ് ചാൻസലർമാരായി നിശ്‌ചയിച്ചപ്പോൾ ഒരുവാക്ക് യുഡിഎഫ് പറഞ്ഞില്ല. ഇനിയും അതുണ്ടാവില്ല. ബിജെപി വോട്ടുവാങ്ങി അധികാരത്തിൽ വന്നതിനാൽ അവർക്കുള്ളത് കൊടുത്തേ പറ്റൂ എന്നതാണ് കാര്യം. കോർപറേറ്റ് മുതലാളിമാർക്ക് കേരളത്തെ വിൽക്കാനുള്ള നീക്കങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പത്തു വർഷയത്ത നേട്ടങ്ങളുടെ തിരസ്‌കരണമാണ് ഇനിയുണ്ടാകുക. അതിന് മാധ്യമങ്ങളുടെ വലിയ പിന്തുണയുണ്ടാകും. തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ടും കുറവുകളെ തുറന്ന മനസോടെ തിരുത്തിയും മുന്നോട്ടുപോകാനാണ് സിപിഐ എം തീരുമാനിച്ചിട്ടുള്ളത്. എത്ര സീറ്റുണ്ടെന്നോ എത്ര വോട്ടുണ്ടെന്നോ നോക്കിയല്ല സിപിഐ എം പ്രവർത്തിക്കുക. ജീവിതം ദുസ്സഹമാകുന്പോൾ ജനം തെരുവിലിറങ്ങും. പുതിയ സമരങ്ങൾ ഉയർന്നുവരും. ജന്തർ മന്തറിൽ ജനം തെരുലിറങ്ങിയത് അങ്ങനെയാണ്. അതിനോട് ഇത്രനാൾ പുറംതിരിഞ്ഞുനിന്ന കോൺഗ്രസ് ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ വിടിനുമുന്നിൽ കുത്തിയിരിക്കാൻ നിർബന്ധിതമായത് ജനകീയ സമരങ്ങളുടെ ശക്തിയാണെന്നും വിജയരാഘവൻ പറഞ്ഞു.









0 comments