എംജി റോഡ് വീതികൂട്ടൽ സർവേ പുനരാരംഭിച്ചു

തൃശൂർ
എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച എം ജി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള വീതികൂട്ടൽ നടപടികൾ പുനരാരംഭിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നശേഷം നിലച്ച പ്രവർത്തനങ്ങളാണ് വീണ്ടും ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സർവേ തുടങ്ങി. പടിഞ്ഞാറേകോട്ടമുതൽ പാറയിൽ ജങ്‌ഷൻവരെയുള്ള 300 മീറ്റർ 25 മീറ്റർ വീതിയിലും പാറയിൽ ജങ്‌ഷൻമുതൽ ബാക്കി 700 മീറ്റർ ദൂരം 21 മീറ്റർ വീതിയിലും വികസിപ്പിക്കും. എൽഡിഎഫ് ആവിഷ്‌കരിച്ച എം ജി റോഡ് വികസനം അട്ടിമറിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ നീക്കം നടത്തിയിരുന്നു. ഇതിനെതിരെ വലിയ വിമർശം ഉയർന്നതോടെയാണ് സർവേ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വില നിശ്ചയിക്കുന്നതിനായി നടപടി സ്വീകരിക്കാൻ കലക്ടർക്ക് എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ എംജി റോഡ് വികസനത്തിനായി ഭൂമി പണം കൊടുത്ത് ഏറ്റെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ഭരണസമിതിയുടെ തീരുമാനം. സൗജന്യമായി വിട്ടു നൽകാൻ തയ്യാറുള്ളവരിൽ നിന്നുമാത്രം ഭൂമി ലഭ്യമാക്കി തുടർ നടപടി സ്വീകരിക്കണമെന്നാണ് ജൂൺ 19ന് മേയറുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചത്. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന എംജി റോഡ് വീതി കൂട്ടാൻ എൽഡിഎഫ് ഭരണസമിതിയാണ് പ്രവർത്തനം തുടങ്ങിയത്. പദ്ധതിയിൽ പടിഞ്ഞാറേക്കോട്ടമുതൽ കലക്ടറേറ്റ്‌വരെ വികസനം പൂർത്തിയായി. അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്പോഴാണ് പദ്ധതി കോൺഗ്രസ് അട്ടിമറിക്കാനൊരുങ്ങിയത്. എൽഡിഎഫിന്റെ കോർപറേഷൻ മാസ്റ്റർ പ്ലാൻ പ്രകാരമാണ് എംജി റോഡ് വികസനം ആവിഷ്‌കരിച്ചത്. ഇതു പ്രകാരമാണ് നിലവിൽ സർവേ ആരംഭിച്ചത്.










0 comments